ഞങ്ങളുടെ വീട് പൊളിഞ്ഞു പോയാല്‍ സര്‍ ഞങ്ങളെ സഹായിക്കുമോ? പ്രാധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും കത്തെഴുതി മരടിലെ കുട്ടികള്‍
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതി സമീപത്ത് താമസിക്കുന്ന കുട്ടികള്‍. ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ തങ്ങളുടെ വീടും പൊളിയുമെന്ന ആശങ്കയാണ് കുട്ടില്‍ പങ്കുവെക്കുന്നത്. ഈ പ്രശ്‌നങ്ങളില്‍ നിന്നു തങ്ങളെ രക്ഷിക്കണം എന്നാവശ്യപ്പെട്ടു ഗവര്‍ണര്‍, ചീഫ് സെക്രട്ടറി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്കും നെട്ടൂരിലെ ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിനു സമീപം താമസിക്കുന്ന കുട്ടികള്‍ കത്ത് അയച്ചിട്ടുണ്ട്.
‘നെട്ടൂരില്‍ പൊളിക്കാന്‍ പോകുന്ന ഫ്‌ളാറ്റിന് അടുത്താണ് എന്റെ വീട്. ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ ഞങ്ങളുടെ വീടും പൊളിയും എന്ന് അച്ഛനും അമ്മയും പറയുന്നു. ഫ്‌ളാറ്റ് പൊളിക്കുന്നതു കാരണം ഞങ്ങള്‍ക്കു പഠിക്കാനും പറ്റുന്നില്ല. ഞങ്ങളുടെ വീട് പൊളിഞ്ഞു പോയാല്‍ ബഹുമാനപ്പെട്ട സര്‍ ഞങ്ങളെ സഹായിക്കുമോ? സഹായിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു’- കത്തില്‍ കുട്ടികള്‍ എഴുതി.
അന്‍വിത, അങ്കിത, കാര്‍ത്തിക് നാരായണന്‍, ഗോകുല്‍ കൃഷ്ണ, ഡോണ്‍ ജിനസ്, നിയ വിക്ടോറിയ, വിഷ്ണു പ്രിയ, കെ.എസ്. വിവേക്, മേഘ്‌ന ദിനേശന്‍ എന്നീ കുട്ടികളാണു കത്തയച്ചത്. ഫ്‌ളാറ്റ് പൊളിക്കുന്നതു മൂലം തങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആല്‍ഫ സെറീന്‍ സമീപവാസികള്‍ സമരത്തിലാണ്. മാതാപിതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായാണു മക്കള്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്തയച്ചത്.