കൊച്ചി: ദേശീയ പാതയില്‍ വാഹനത്തില്‍ നിന്നു റോഡിലേക്ക് തെറിച്ചുവീണ രണ്ട് കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലുവ-എറണാകുളം റോഡില്‍ അമ്പാട്ടുകാവ് പെട്രോള്‍ പമ്പിന് സമീപം ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.
വാടാനപ്പള്ളി സ്വദേശികളായ കുടുംബാംഗങ്ങള്‍ വടുതലയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് ജീപ്പിനു പിന്നിലെ വാതില്‍ അബദ്ധത്തില്‍ തുറന്ന് ഇഫ (3) അസ്വ ( മൂന്നര) എന്നിവര്‍ റോഡിലേക്ക് തെറിച്ച് വീണത്. വാഴക്കാല സ്വദേശികളുടെ കാറായിരുന്നു തൊട്ടുപിന്നില്‍.
കുട്ടികള്‍ വീഴുന്നതുകണ്ട് അവര്‍ കാര്‍ സഡന്‍ ബ്രേക്കിട്ടു. ഇതോടെ പിന്നില്‍ വന്ന മൂന്നു കാറുകള്‍ പിറകില്‍ ഇടിച്ചുകയറി. ഒരു കുട്ടിയെ കാറിന്റെ അടിയില്‍ നിന്നും മറ്റൊരാളെ റോഡിന്റെ മീഡിയനില്‍ നിന്നുമാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്.
കുട്ടികള്‍ക്ക് ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.