31.7 C
Kottayam
Saturday, May 18, 2024

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യത,മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Must read

തിരുവനന്തപുരം:കൊവിഡ് മൂന്നാംതരംഗത്തിന്‍റെ മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അനുഭവങ്ങളെ വിലയിരുത്തി മികച്ച പ്രതിരോധത്തിനായി തയ്യാറെടുക്കാൻ നടപടി ആരംഭിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ – സാർവദേശീയ തലത്തിലും ദേശീയ തലത്തിലും മൂന്നാം തരംഗത്തെ കുറിച്ച് ചർച്ച ഉയർന്ന് വന്നിട്ടുണ്ട്. വാക്സീൻ അതിജീവിക്കാൻ കഴിയുന്ന വൈറസാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക. വാക്സീൻ എടുത്തവർക്ക് അത് ഒരു ഡോസാണെങ്കിലും സുരക്ഷിതത്വമുണ്ട്. എന്നാൽ ഇത്തരമാളുകളും രോഗവാഹകരാകാം എന്നത് ശ്രദ്ധിക്കണം. വാക്സീൻ എടുത്തവർക്ക് രോഗം വരുന്നത് പലപ്പോഴും അനുബന്ധ രോഗമുള്ളത് കൊണ്ടാണ്. അതുകൊണ്ട് എല്ലാവരും കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കണം.

അനുബന്ധ രോഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ പുലർത്തണം. കൊവിഡ് രണ്ടാം തരംഗത്തിൽ ഇതുവരെ അതിന്റെ ഉച്ഛസ്ഥായി പിന്നിട്ടതായാണ് അനുമാനം. എന്നാൽ അതിന് ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥകളും മരണങ്ങളും സംഭവിക്കുന്നത്. അത് വർധിക്കുന്നതായി കാണുന്നുണ്ട്. ആശുപത്രികളെ സംബന്ധിച്ച് സമയം നിർണായകമാണ്.

ഈ ഘട്ടത്തെ നേരിടാൻ വേണ്ട എല്ലാ കരുതലും മുഴുവൻ ജില്ലാ ആശുപത്രികളിലും കളക്ടർമാരുടെ നേതൃത്വത്തിൽ ഉറപ്പാക്കണം. പ്രാഥമികമായ കടമ ജീവൻ സംരക്ഷിക്കലാണ്. ഈ തരംഗം പുതിയ പാഠങ്ങൾ പഠിപ്പിച്ചു. എത്രത്തോളം രോഗബാധ ഉയരാം, വൈറസുകളുടെ ജനിതക വ്യതിയാനം എന്ത് ഭീഷണി ഉയർത്താം എന്നൊക്കെ മനസിലായി.

ആരോഗ്യ സംവിധാനങ്ങൾ എങ്ങിനെ തയ്യാറെടുക്കണം, സർക്കാർ സംവിധാനങ്ങൾ എങ്ങിനെ വിന്യസിക്കണം, സാമൂഹ്യ ജാഗ്രതയുടെ പ്രായോഗിക വത്കരണം തുടങ്ങിയ കാര്യങ്ങളിൽ പുതിയ ഉൾക്കാഴ്ചയും പുതിയ കൊവിഡ് തരംഗം നൽകുന്നുണ്ട്.

മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അനുഭവങ്ങളെ വിലയിരുത്തി മികച്ച പ്രതിരോധത്തിനായി തയ്യാറെടുക്കാൻ നടപടി ആരംഭിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. ജനത്തിന്റെ ഭാഗത്ത് നിന്നുള്ള പിന്തുണയാണ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ വലിയ നാശം വിതച്ച രണ്ടാം തരംഗത്തെ കേരളത്തിൽ പിടിച്ചുനിർത്താൻ സഹായിച്ചത്. സർക്കാരിനൊപ്പം നിന്ന ജനത്തെ ഈ ഘട്ടത്തിൽ അഭിനന്ദിക്കുന്നു. ഈ ജാഗ്രത കുറച്ചുനാളുകൾ കൂടെ ഇതേപോലെ കർശനമായ രീതിയിൽ തുടരണം. അതിന് എല്ലാവരുടെയും സഹകരണം വേണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week