യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രം; എല്‍ഡിഎഫിന്റെ എട്ടുവര്‍ഷക്കാലം കൊണ്ട് 6200 ആയി ഉയര്‍ന്നു; നിക്ഷേപം 5800 കോടി രൂപ; കണക്കുകളുമായി പ്രതിപക്ഷ നേതാവിൻ്റെ മുനയൊടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ വളര്‍ച്ചയെന്നത് ഊതി വീര്‍പ്പിച്ച കണക്കെന്നും യുഡിഎഫ് പദ്ധതികളുടെ ക്രെഡിറ്റ് അടിക്കുകയാണ് എല്‍ഡിഎഫ് എന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കോവിഡ് കാലവുമായി താരതമ്യപ്പെടുത്തിയാണ് കേരളത്തില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ കൂടിയെന്ന് അവകാശപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയ ഡോ.ശശി തരൂരിന്റെ ലേഖനത്തിലെ കണക്കുകള്‍ തള്ളിയ പ്രതിപക്ഷ നേതാവ് അദ്ദേഹത്തെ തെറ്റ് ബോധ്യപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. അതേസമയം, പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമായിരുന്നെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ 8 വര്‍ഷം കൊണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ 6,200 ആയി ഉയര്‍ന്നെന്നുമാണ് അവകാശവാദം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ എട്ട് വര്‍ഷംകൊണ്ട് അത് 6200 ആയി ഉയര്‍ന്നു. 60,000 തൊഴിലവരസങ്ങള്‍ ഇതുവഴി ലഭ്യമാക്കി. 5800 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ ഉണ്ടായത്. 15,000 ചതുരശ്രഅടി ബില്‍ഡ്‌സ്‌പേസ് ആണ് 2016 ല്‍ ഉണ്ടായിരുന്നത്. ഇന്ന് പത്ത് ലക്ഷത്തിലധികം ഇന്‍ക്യുബേഷന്‍ സ്‌പേസ് നമുക്കുണ്ട്. 2026ഓടെ 15,000 സ്റ്റാര്‍ട്ടപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ശശി തരൂര്‍ വിവാദത്തിലെ ചര്‍ച്ച കേരളീയരും കേരള വിരുദ്ധരുമെന്ന നിലയിലേക്ക് മാറിയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സഭയിലെ പ്രതിപക്ഷം കേരളത്തിലെ ജനങ്ങളുടെ പ്രതിപക്ഷമാകരുത്. കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളുടെ മറുപടിയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സര്‍ക്കാരിനുള്ള മറുപടി അല്ല. വിഡി സതീശന് വീഡിയോ ഇട്ട് മറുപടി പറയാമെന്നും വ്യവസായ മന്ത്രി പി രാജീവ് എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാജ്യത്ത് 1.1 ശതമാനം സ്ഥലത്ത് നിന്ന് 3.8 ശതമാനം ജിഡിപി ആണ് കേരളം സംഭാവന ചെയുന്നതെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. ഇത് 3.22 ഇരട്ടിയാണ്. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ വളരെ കൂടുതലാണ്. മറ്റു സംസ്ഥാനങ്ങളില്‍ ബ്യൂട്ടി പാര്‍ലര്‍ അടക്കം എംഎസ്എംഇകളാണ്. ഇവിടെ മാത്രം അത് അങ്ങനെയല്ലെന്ന് പറയുന്നവര്‍ കേരളത്തിന്റെ ശത്രുക്കളാണ്.
വടക്കന്‍ പറവൂര്‍ മണ്ഡലത്തിലെ വ്യവസായ വളര്‍ച്ച പരിശോധിക്കുന്നുണ്ട്. ജിയോ ടാഗ് ചെയ്താണ് വ്യവസായ വകുപ്പ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഉറപ്പാക്കുന്നത്. പൂട്ടിപ്പോയവ കണക്കിലില്ല. വ്യവസായ വകുപ്പിന്റെ കണക്ക് ആര്‍ക്കും പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.