എസ്എഫ്ഐ ആക്രമണം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
വയനാട്: വയനാട്ടിലെ എസ്എഫ്ഐ സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണ് ഇത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
അതേസമയം എസ്എഫ് ഐ സമരത്തെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും തള്ളിപ്പറഞ്ഞു.
ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്‍റെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകർ മാർച്ച് നടത്തിയത്. കല്‍പ്പറ്റ കൈനാട്ടിയിലെ എംപി ഓഫീലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലെ ഫര്‍ണ്ണിച്ചറുകള്‍ അടക്കം തല്ലിത്തകര്‍ത്തു.
ഓഫിസിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ ബഹളം വെക്കുകയായിരുന്നു. ഈ സമയം ജീവനക്കാര്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. ഫര്‍ണിച്ചറുകള്‍ക്കടക്കം കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്ന് ഓഫീസിന്റെ ഷട്ടര്‍ താഴ്ത്തുകയും പോലീസ് ഇടപെടുകയും ചെയ്തു. ദേശീയ പാതയില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. വനിതാ പ്രവര്‍ത്തകര്‍ അടക്കം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.