KeralaNews

മുഖ്യമന്ത്രിയും ഗവർണറും പെട്ടിമുടിയിലേയ്ക്ക്, മാധ്യമങ്ങൾക്ക് പ്രവേശനമില്ല

ഇടുക്കി:ദുരന്തമുണ്ടായ പെട്ടിമുടി സന്ദർശിക്കുന്നതിനായി ഗവണര്‍ ആരിഫ് മുഹമ്മദ്ഘാനും മുഖ്യമന്ത്രി പിണറായി വിജയനും മൂന്നാര്‍ ആനച്ചാല്‍ ഹെലിപ്പാടില്‍ എത്തി .റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി എന്നിവരോടൊപ്പം റോഡ് മാർഗം പെട്ടിമുടിയിലേക്ക് പുറപ്പെട്ടു.ജനപ്രതിനികളും, ഡി ജി പി ലോകനാഥ് ബെഹ്റ, ദക്ഷിണ മേഖല റേഞ്ച് ഐ.ജി ഹർഷിത അട്ടല്ലൂരി, ക്രൈം ബ്രാഞ്ച് ഐജി യോഗേഷ് അഗർവാൾ , ജില്ലാ കലക്ടർ എച്ച് ദിനേശൻ, പോലീസ് മേധാവി കറുപ്പസ്വാമി എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്.

കൊവിഡ് വ്യാപന ഭീഷണിയുള്ളതിനാൽ മാധ്യമങ്ങൾക്ക് പെട്ടി മുടിയിലേക്ക് പ്രവേശനമില്ല. പി.ആർ.ഡി ദൃശ്യങ്ങൾ നൽകും


അപകടത്തിന്‍റെ ആറാം ദിവസമായ ഇന്നലെ മൂന്ന് പേരുടെ മൃതേദഹം കൂടി കണ്ടെത്തിയിരുന്നു.ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവും തെരച്ചിലും പൂര്‍ണ്ണമായ ശേഷം ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോര്‍ട്ട് വാങ്ങും. വിശദമായ ചര്‍ച്ചക്ക് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. ദുരന്തത്തില്‍പ്പെട്ടവരുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും.

കന്നിയാർ കേന്ദ്രീകരിച്ചാണ് ദൗത്യസംഘം തിരച്ചില്‍ നടത്തുന്നത്. ഉരുൾപൊട്ടലിൽ ഒഴുകി വന്ന ചെളിയടിഞ്ഞ് നിരപ്പായ ഇവിടെ കയർ കെട്ടി ഇറങ്ങിയാണ് തിരച്ചില്‍.

ഹിറ്റാച്ചി ഉപയോഗിച്ച് കന്നിയാറിന് തീരത്തെ മണൽതിട്ടകൾ ഇടിച്ച് നിരത്തിയും പരിശോധന നടത്തുന്നുണ്ട്. 11 സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. കന്നിയാറിന് അപ്പുറത്തെ വനത്തിലും സംഘം പരിശോധന നടത്തുന്നുണ്ട്. ലയങ്ങൾക്ക് മുകളിലെ മണ്ണ് നീക്കിയുള്ള പരിശോധനയിൽ കഴിഞ്ഞ രണ്ട് ദിവസവും ആരെയും കണ്ടെത്താനാകാത്തതിനാൽ കൂടുതൽ മൃതദേഹങ്ങൾ പുഴയിൽ ഒലിച്ച് പോയിരിക്കാമെന്നാണ് ദൗത്യസംഘത്തിന്‍റെ നിഗമനം.

ലയങ്ങൾക്ക് മുകളിലെ മണ്ണ് കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ഒലിച്ച് പോയി ചതുപ്പായി മാറിയതിനാൽ ഇവിടുത്തെ തിരച്ചിൽ ദുഷ്കരമാണ്. ഇനി കണ്ടെത്താനുള്ളവരിൽ കൂടുതലും കുട്ടികളാണ്. അപകടം നടന്ന് ആറ് ദിവസമായെങ്കിലും പെട്ടിമുടിയിൽ മഴയും മഞ്ഞും നിമിത്തം താപനില പൂജ്യം ഡിഗ്രിക്ക് സമാനമായതിനാൽ മൃതദേഹങ്ങൾ അഴുകി തുടങ്ങിയിട്ടില്ല.

ഇതുനിമിത്തം പെട്ടിമുടിയിൽ നിന്ന് 10 കിലോമീറ്റർ മാറി മാങ്കുളം വരെയുള്ള ഭാഗത്ത് തെരച്ചിൽ നടത്തിയാൽ കൂടുതൽ പേരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കൊവിഡ് വ്യാപന ഭീഷണിയുള്ളതിനാൽ രക്ഷാപ്രവർത്തകർക്കിടയിൽ ഇന്നും ആന്‍റിജൻ പരിശോധന നടത്തുന്നുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker