ചീഫ് ജസ്റ്റിസായി എസ്. എ ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: ഇന്ത്യയുടെ 47ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30ന് രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.2021 ഏപ്രില്‍ 23 വരെയാണ് ജസ്റ്റീസ് എസ്.എ ബോബ്ഡെയുടെ ഔദ്യോഗിക കാലാവധി. 1956 ഏപ്രില്‍ 24ന് നാഗ്പൂരില്‍ ജനിച്ച ബോബ്ഡെ നാഗ്പുര്‍ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം നേടിയശേഷം 1978ല്‍ അഭിഭാഷകനായി.
1998ല്‍ മുതിര്‍ന്ന അഭിഭാഷക പദവി ലഭിച്ചു. 2000ത്തില്‍ ബോംബെ ഹൈകോടതിയില്‍ ആദ്യമായി ജഡ്ജിയായി. 2012 ല്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു ബോബ്ഡെ. 2013 മുതല്‍ സുപ്രീംകോടതി ജസ്റ്റീസായി ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നു.ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി വിരമിച്ച ഒഴിവിലേക്കാണ് സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ ശരദ് അരവിന്ദ് ബോബ്ഡെയെ നിയമിച്ചത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയാണ് ജസ്റ്റീസ് ബോബ്ഡെയുടെ പേര് പുതിയ ചീഫ് ജസ്റ്റീസ് സ്ഥാനത്തേക്കു നാമനിര്‍ദേശം ചെയ്തത്.