ചെന്നൈ:നാലാം വയസിലാണ് ദൊമ്മരാജു ഗുകേഷ് എന്ന ഡി ഗുകേഷ് ചെസ്സിനോട് താല്‍പര്യം തോന്നിയത്. ആദ്യം അതൊരു ഹോബി മാത്രമായിരുന്നു. പിന്നീട് ആ ഹോബി വളരെ സീരിയസായി തന്നെ എടുക്കാന്‍ തുടങ്ങി. ഏഴാം വയസുമുതല്‍ താരം ചതുരംഗ കളത്തിലെ തന്ത്രങ്ങള്‍ പഠിക്കാന്‍ തുടങ്ങി. അപ്പോള്‍ ചാപ്യനാവാതെ മറ്റെന്ത് ആവാന്‍. ലോക വേദികളില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുവാണ് ഈ കൗമാരക്കാന്‍. ഇന്ത്യന്‍ വേദികളില്‍ നിന്ന് ലോക വേദിയിലേക്ക്, ഇപ്പോള്‍ ലോക ചെസ് ചാപ്യന്‍ഷിപ്പിലും വിജയത്തിന്റെ മധുരം നുണഞ്ഞിരിക്കുന്നു.
ഇ.എന്‍.ടി വിദഗ്ധനായ രജിനികാന്തിന്റേയും മൈക്രോബയോളജിസ്റ്റായ പത്മയുടേയും മകനായി 2006 മെയ് 29ന് ചെന്നൈയിലായിരുന്നു ഗുകേഷിന്റെ ജനനം. ആന്ധ്രാ സ്വദേശികള്‍ ആണെങ്കിലും ഇവര്‍ ചെന്നൈയിലാണ് താമസം. ചെറുപ്പം മുതല്‍ ഗുകേഷ് ചെസില്‍ താല്‍പര്യം കാണിച്ച് തുടങ്ങി. ചെന്നൈയിലെ വേലമ്മാള്‍ സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഗുകേഷ് ആദ്യമായി ഒരു പരിശീലകന്റെ കീഴില്‍ ചെസ്സ് പഠിക്കുന്നത്. അന്ന് വെറും ആറോ ഏഴോ വയസ്സ് മാത്രമായിരുന്നു അവന്റെ പ്രായം. ചെസ്സിലെ നിരവധി ഗ്രാന്‍ഡ് മാസ്റ്റര്‍മാരെ വളര്‍ത്തിയെടുത്ത പാരമ്പര്യമുള്ള സ്‌കൂളണ് വേലമ്മാള്‍ വിദ്യാലയം. ഗ്രാന്‍ഡ് മാസ്റ്റര്‍ കാര്‍ത്തികേയന്‍, ഗ്രാന്‍ഡ്മാസ്റ്റര്‍ അരവിന്ദ് ചിദംബരം, ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രഗ്ഗാനന്ദ തുടങ്ങിയവര്‍ പഠിച്ച് വളര്‍ന്നതും ഇതേ സ്‌കൂളിലായിരുന്നു.
ഭാസ്‌കര്‍ എന്നയാളാണ് ആദ്യമായി ഗുകേഷിനെ ചെസ് പരിശീലിപ്പിച്ചത്. പിടി പീരിയഡുകളില്‍ ചെസ്സിനോട് താല്‍പര്യം കാണിച്ച ഗുകേഷിനെ അദ്ദേഹം തുടക്കം മുതലേ ശ്രദ്ധിച്ചു. ചെസിന്റെ ബാലപാഠങ്ങള്‍ അദ്ദേഹം ഗുകേഷിന് പറഞ്ഞ് കൊടുത്തു. തുടര്‍ന്ന് സുഹൃത്തായ വിജയാനന്ദിന്റെ ചെസ് അക്കാദമിയിലേക്ക് ഗുകേഷിനെ അദ്ദേഹം റഫര്‍ ചെയ്തു. ആ ചെറുപ്രായത്തില്‍ തന്നെ ചെസ്സിനോട് അടങ്ങാത്ത അഭിനിവേശം അവന്‍ പ്രകടിപ്പിച്ചിരുന്നു. കളങ്ങളും കരുക്കളും അവന് മുന്നില്‍ അതിവേഗം വഴങ്ങി.
കോച്ചിങ് സെന്ററില്‍ മറ്റ് കുട്ടികള്‍ പരിശീലനം തുടങ്ങുന്നതിന് മുന്‍പേ തന്നെ ഗുകേഷ് പരിശീലനം ആരംഭിക്കുമായിരുന്നു. തുടക്കത്തില്‍ ദിവസം 70 ചെസ് പസിലുകള്‍ വീതമാണ് സോള്‍വ് ചെയ്യാനായി പരിശീലകര്‍ ഗുകേഷിന് നല്‍കിയിരുന്നത്. ഇത് ചതുരംഗക്കളത്തിന്റെ സാധ്യതകളെ കുറിച്ചും തന്ത്രങ്ങളെ കുറിച്ചും പൊസിഷനുകളെ കുറിച്ചുമെല്ലാമുള്ള അറിവ് വളര്‍ത്താന്‍ അവനെ സഹായിച്ചു. തിയറികളും മിഡില്‍ ഗെയിം സ്ട്രാറ്റജികളും വളരെപെട്ടന്ന് അവന്‍ പഠിച്ചെടുത്തു. രാവിലെ 9 മണിക്ക് തുടങ്ങുന്ന പരിശീലനം രാത്രി ഏഴരവരെയോ ചിലപ്പോള്‍ അതിലുമേറെ നേരമോ നീണ്ടുനീണ്ടുപോയി. സമയമോ കളിയുടെ കടുപ്പമോ ഒന്നും അവനെ തളര്‍ത്തിയില്ല. ചെസ് ബോര്‍ഡിലുണ്ടായിരുന്ന അവന്റെ വളര്‍ച്ച അതിവേഗമായിരുന്നു. വെറും ആറ് മാസം കൊണ്ടാണ് വഴക്കമുള്ളൊരു കളിക്കാരനായി അവന്‍ വളര്‍ന്നത്.
ദേശീയതലത്തില്‍ നിരവധി മത്സരങ്ങളില്‍ മാറ്റുരച്ചുനോക്കിയെങ്കിലും 2015ലാണ് ഗുകേഷ് ആദ്യത്തെ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കുന്നത്. 9 വയസ്സില്‍ താഴെയുള്ളവരുടെ മത്സരമായിരുന്നു അത്. പിന്നീട് ഗ്രാന്റ് മാസ്റ്റര്‍ വിഷ്ണു പ്രസന്നയ്ക്ക് കീഴില്‍ പരിശീലിച്ചു. അതില്‍ കൂടുതല്‍ കൃത്യതയുള്ള മത്സരം ഗുകേഷ് പഠിച്ചെടുത്തു. പിന്നീട് 2017ല്‍ ഇന്റര്‍നാഷണല്‍ ചെസ് മാസ്റ്റര്‍ പട്ടം, 2018ല്‍ സ്‌പെയിനില്‍ നടന്ന വേള്‍ഡ് അണ്ടര്‍ 12 ചാമ്പ്യന്‍ഷിപ്പ്, 2019ല്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന പട്ടവും ഗുകേഷ് സ്വന്തമാക്കി. അന്ന് 12 വയസ്സും ഏഴുമാസവും 12 ദിവസവുമായിരുന്നു ഗുകേഷിന്റെ പ്രായം.
2020 മുതല്‍ വിശ്വനാഥന്‍ ആനന്ദിന്റെ നേതൃത്വത്തിലുള്ള വിശ്വനാഥന്‍ ആനന്ദ് വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ്സ് അക്കാദമിയിലാണ് ഗുകേഷിന്റെ പരിശീലനം. 2022ലാണ് രാജ്യത്തിന് അഭിമാനമായിക്കൊണ്ട് ഡബ്ല്യൂ.ആര്‍ മാസ്റ്റര്‍ ടൂര്‍ണമെന്റിന്റെ ഫസ്റ്റ് എഡിഷനില്‍ ഗുകേഷ് പങ്കെടുക്കുന്നത്. മത്സരം കടുപ്പമെങ്കിലും അവസാനറൗണ്ടില്‍ അമേരിക്കയുടെ ലിവോണ്‍ അറോണിയനോട് പരാജയപ്പെട്ടു. ഏതാനും ടൂര്‍ണമെന്റുകള്‍ പിന്നേയും പിന്നിട്ടു. അതില്‍ പ്രധാനപ്പെട്ടൊരു മത്സരം ചെസ്സ് വേള്‍ഡ് കപ്പില്‍ മാഗ്നസ് കാള്‍സണുമായുള്ള മത്സരമായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായെങ്കിലും ഗുകേഷിന്റെ റേറ്റിങ്ങ് 2750 ആയി. ഇന്ത്യയുടെ മാസ്റ്റര്‍ പ്ലെയര്‍ വിശ്വനാഥന്‍ ആനന്ദിന്റെ റാങ്ക് ഗുകേഷ് മറികടന്നതും ഇതേ കാലയളവിലായിരുന്നു. 37 വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു ഒരാള്‍ വിശ്വനാഥന്‍ ആനന്ദിന്റെ റാങ്ക് മറികടന്നത്.
ഈ വര്‍ഷം, 2024 ഏപ്രിലില്‍ നടന്ന കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റില്‍ ലോകത്തെ മുന്‍നിര താരങ്ങളോട് ഏറ്റുമുട്ടി ഗുകേഷ് ചരിത്രം കുറിച്ചു. 14 റൗണ്ട് നീണ്ട മത്സരത്തില്‍ അഞ്ച് വിജയവും എട്ടുസമനിലയും ഒരു തോല്‍വിയുമുള്‍പ്പെടെ ഒമ്പത് പോയിന്റ് നേടിക്കൊണ്ട് കാന്‍ഡിഡേറ്റ് ചെസ്സില്‍ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ജേതാവായി ഗുകേഷ് മാറി. 22ആം വയസ്സില്‍ കാന്‍ഡിഡേറ്റ്‌സ് മത്സരം ജയിച്ച റഷ്യന്‍ താരം ഗൗരി കാസപറോവിന്റെ റെക്കോര്‍ഡാണ് ഗുകേഷ് മറികടന്നത്. 2024 ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള യോഗ്യതാമത്സരമായിരുന്നു ഇത്. 9/4 ല്‍ വിജയം ഉറപ്പിച്ചതോടെ ചാമ്പ്യന്‍ഷിപ്പിന് ചതുരംഗകളമൊരുങ്ങി. വിശ്വനാഥന്‍ ആനന്ദിന് ശേഷം ഈ ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയായിരുന്നു ഗുകേഷ്. മാത്രമല്ല ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന പേരും ഗുകേഷ് സ്വന്തമാക്കി.