31.1 C
Kottayam
Saturday, May 18, 2024

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രമെന്ന് ചെന്നിത്തല; സോളാറിന്റെ തനിയാവര്‍ത്തനമെന്ന് കെ. സുരേന്ദ്രന്‍

Must read

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തില്‍ മുഖ്യമന്ത്രി ബലിയാടുകളെ അന്വേഷിച്ച് നടക്കുകയാണ്. ശിവശങ്കറിനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. തൊലിപ്പുറത്തെ ചികിത്സകൊണ്ട് കാര്യമില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു. ഇതോടെ സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ തെളിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട അന്വേഷണം കേരളാ പോലീസ് അന്വേഷിച്ചിട്ട് കാര്യമില്ല. കേന്ദ്ര ഏജന്‍സിയായ സിബിഐ തന്നെ ഇക്കാര്യം അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് കത്ത് അയക്കുകയും ചെയ്തു. വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ പോലും ചോദ്യം ചെയ്യുന്ന കേസാണിത്. മുഴുവന്‍ പ്രതികളെയും രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനാല്‍ സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി ഇടപെടുമ്പോള്‍ അതിന്റെ ഗൗരവം എത്രത്തോളം ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്തുകൊണ്ടിരിക്കുന്ന ഗുരുതര അഴിമതി പുറത്തുകൊണ്ടുവരാന്‍ പ്രതിപക്ഷം ശ്രമിക്കുമ്പോള്‍ പരിഹസിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം സ്വര്‍ണക്കടത്ത് കേസ് സോളാര്‍ കാലത്തിന്റെ തനിയാവര്‍ത്തനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് കേസിലെ മുഖ്യആസുത്രക സ്വപ്ന സുരേഷിനെ 2017 മുതല്‍ അറിയാമെന്നും അറിയില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിനെ അറിയാം. ലോകകേരള സഭയുടെ നടത്തിപ്പില്‍ സ്വപ്നയ്ക്ക് പങ്കുണ്ട്. സോളാര്‍കാലത്ത് സരിതയെ യാതൊരു പരിചയവുമില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. അതുതന്നെയാണ് പിണറായിയും പറയുന്നത്.

കേരള സര്‍ക്കാര്‍ ഷാര്‍ജ ഷെയ്ഖിന് സ്വീകരണം നല്‍കിയപ്പോള്‍ അതിന്റെ ചുമതലയില്‍ സ്വപ്നയുണ്ടായിരുന്നു. ഷാര്‍ജ ഷെയ്ഖിന് നല്‍കിയ വിരുന്നിലും സ്വപ്ന പങ്കെടുത്തു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയ എം. ശിവശങ്കറിനെ എന്തുകൊണ്ട് ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയില്ല. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ താത്പര്യങ്ങള്‍ക്കൊണ്ടാണ് ഈ സ്ഥാനത്തു നിന്നും മാറ്റാത്തത്.

മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നയ്ക്ക് ബന്ധമില്ലെങ്കില്‍ ശിവശങ്കറിനെ എന്തുകൊണ്ടാണ് നീക്കിയത്. ശിവശങ്കറും സ്വപ്നയും തമ്മില്‍ വഴിവിട്ട ബന്ധമുണ്ട്. അദ്ദേഹം സ്വപ്നയെ സഹായിച്ചിട്ടുണ്ട്. സ്വപ്നയുമായി സ്പീക്കര്‍ക്കും പരിചയമുണ്ട്. ഇവരെ അറിയില്ലെന്ന് പറയുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. സിപിഎമ്മിന്റെ ഉന്നത നേതാക്കന്മാരുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week