KeralaNewsPolitics

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധന: സര്‍ക്കാരും മാനേജ്‌മെന്റും ഒത്തുകളിക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനയില്‍ മാനേജുമെന്റുകളും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ച് വര്‍ഷം കൊണ്ട് 47, 000 വര്‍ധിപ്പിച്ചതിനെ എതിര്‍ത്ത ഇടത് മുന്നണി അധികാരത്തില്‍ എത്തിയപ്പോള്‍ ഈ വര്‍ഷം മാത്രം വര്‍ദ്ധിപ്പിച്ചിരിക്കുന്ന് അരലക്ഷം വരെ രൂപയാണെന്ന് ചെന്നിത്തല പറഞ്ഞു.

ഫീസ് വര്‍ധിപ്പിക്കുന്നതിനായി മാനേജുമെന്റുകള്‍ക്ക് കോടതിയില്‍ പോകുന്നതിനുള്ള അവസരം കൂടിയാണ് സര്‍ക്കാര്‍ തുറന്നിടുന്നത്. കോടതി നിര്‍ദേശ പ്രകാരം യഥാസമയം കമ്മിറ്റി പുനഃസംഘടിപ്പിക്കാതെ ഒരാഴ്ച മുന്‍പ് തട്ടിക്കൂട്ട് സമിതി ഉണ്ടാക്കി ഫീസ് വര്‍ധിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

മുന്‍വര്‍ഷത്തെ ഫീസില്‍ നിന്നും പത്ത് ശതമാനം വര്‍ദ്ധനയാണ് രാജേന്ദ്രബാബു കമ്മീഷന്‍ നടത്തിയിരിക്കുന്നത്. നീറ്റ് നടപ്പിലാക്കിയതോടെ മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനം ഉടച്ചു വാര്‍ക്കാനുള്ള സുവര്‍ണാവസരം ആണ് സര്‍ക്കാരിന് ലഭിച്ചത്. എന്നാല്‍ സ്വാശ്രയ മാനേജുമെന്റുകളുമായി ഒത്തുകളിച്ച്, മനപൂര്‍വ്വം കാലതാമസം വരുത്തി എല്ലാ അവസരങ്ങളും കളഞ്ഞു കുളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button