‘തല’ നയിച്ചു,ധോണിയുടെ ചെന്നൈയ്ക്ക് ഐ.പി.എൽ.കിരീടം
ദുബായ്:നായകൻ എം.എസ് ധോനിയുടെ തൊപ്പിയിൽ മറ്റൊരു ഐ.പി.എൽ കിരീടം കൂടി. ഐ.പി.എൽ 14-ാം സീസൺ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ നാലാം ഐ.പി.എൽ കിരീടം സ്വന്തമാക്കി. ധോനിയുടെ കീഴിൽ ടീമിന്റെ നാലാം ഐ.പി.എൽ കിരീടം.
2012-ൽ കൊൽക്കത്തയോടേറ്റ ഫൈനൽ തോൽവിക്ക് പകരം വീട്ടാനും ചെന്നൈക്കായി. കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായതിന്റെ നിരാശ ഈ സീസണിലെ കിരീട നേട്ടത്തോടെ ചെന്നൈ മറികടന്നു.
സൂപ്പർ കിങ്സിനെതിരേ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും വെങ്കടേഷ് അയ്യരും അർധ സെഞ്ചുറികളുമായി തിളങ്ങിയെങ്കിലും തുടർന്നെത്തിയ കൊൽക്കത്ത ബാറ്റ്സ്മാൻമാർക്ക് ആ തുടക്കം മുതലാക്കാനായില്ല. ഇരുവരുമൊഴികെ ടീമിൽ രണ്ടക്കം കടക്കാനായത് പത്താമനായി ക്രീസിലെത്തിയ ശിവം മാവിക്ക് മാത്രം. മാവി 13 പന്തിൽ നിന്ന് 20 റൺസെടുത്തു.
ഒരു ഘട്ടത്തിൽ 10.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 91 റൺസെന്ന നിലയിലായിരുന്ന കൊൽക്കത്ത അവിശ്വസനീയമായ രീതിയിൽ തകർന്നടിയുകയായിരുന്നു.
193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും വെങ്കടേഷ് അയ്യരും ചേർന്ന് തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. 64 പന്തിൽ നിന്ന് 91 റൺസടിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
വെറും 32 പന്തിൽ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 50 റൺസെടുത്ത വെങ്കടേഷ് അയ്യരെ മടക്കി ഷാർദുൽ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ രണ്ടാം ഓവറിൽ അക്കൗണ്ട് തുറക്കും മുമ്പ് വെങ്കടേഷ് നൽകിയ ക്യാച്ച് എം.എസ് ധോനി നഷ്ടപ്പെടുത്തിയിരുന്നു.
പിന്നാലെ ക്രീസിലെത്തിയ നിതീഷ് റാണ നേരിട്ട ആദ്യ പന്തിൽ തന്നെ ഡുപ്ലെസിക്ക് ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ വെടിക്കെട്ട് വീരൻ സുനിൽ നരെയ്ന് ഇത്തവണ ആ പ്രകടനം ആവർത്തിക്കാനായില്ല. രണ്ടു റൺസ് മാത്രമെടുത്ത താരത്തെ ഹെയ്സൽവുഡ് ജഡേജയുടെ കൈകളിലെത്തിച്ചു.
14-ാം ഓവറിൽ ശുഭ്മാൻ ഗില്ലിനെ ദീപക് ചാഹർ മടക്കിയതോടെ ചെന്നൈ മത്സരത്തിൽ പിടിമുറുക്കി. 43 പന്തിൽ നിന്ന് ആറു ഫോറടക്കം 51 റൺസെടുത്ത ഗിൽ ചാഹറിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താകുകയായിരുന്നു. ജഡേജ എറിഞ്ഞ 10-ാം ഓവറിൽ ശുഭ്മാൻ ഗില്ലിന്റെ ക്യാച്ച് അമ്പാട്ടി റായുഡു പിടിച്ചെങ്കിലും പന്ത് ക്യാമറ കേബിളിൽ തട്ടിയതിനാൽ ഈ പന്ത് ഡെഡ് ബോളായി കണക്കാക്കുകയായിരുന്നു.
തൊട്ടടുത്ത ഓവറിൽ അടുത്തടുത്ത പന്തുകളിൽ ദിനേഷ് കാർത്തിക്കിനെയും (9) ഷാക്കിബ് അൽ ഹസനെയും (0) മടക്കിയ രവീന്ദ്ര ജഡേജ കൊൽക്കത്തയുടെ പ്രതീക്ഷകൾ കെടുത്തി. പിന്നാലെ രണ്ടു റണ്ണുമായി രാഹുൽ ത്രിപാഠിയും മടങ്ങി. മത്സരത്തിനിടെ പരിക്കേറ്റെങ്കിലും ത്രിപാഠി ബാറ്റിങ്ങിനെത്തുകയായിരുന്നു. 17-ാം ഓവറിൽ ക്യാപ്റ്റൻ ഓയിൻ മോർഗനും (4) മടങ്ങിയതോടെ കൊൽക്കത്തയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു.
ചെന്നൈക്കായി ഷാർദുൽ താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോഷ് ഹെയ്സൽവുഡ്, ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തിരുന്നു.
തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത ടോപ് ഓർഡറാണ് ഫൈനലിൽ ചെന്നൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 59 പന്തിൽ നിന്ന് മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 86 റൺസെടുത്ത ഫാഫ് ഡുപ്ലെസിയാണ് അവരുടെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ തകർത്തടിച്ച ഡുപ്ലെസിയാണ് ചെന്നൈ സ്കോർ 192-ൽ എത്തിച്ചത്. അവസാന ഓവറിലെ അവസാന പന്തിലാണ് താരം പുറത്തായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കായി ഋതുരാജ് ഗെയ്ക്വാദ് – ഫാഫ് ഡുപ്ലെസി ഓപ്പണിങ് സഖ്യം തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. 49 പന്തിൽ നിന്ന് 61 റൺസ് ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
27 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 32 റൺസെടുത്ത ഋതുരാജിനെ തന്റെ ആദ്യ പന്തിൽ തന്നെ സുനിൽ നരെയ്ൻ മടക്കുകയായിരുന്നു.
തുടർന്ന് ഡുപ്ലെസിക്കൊപ്പം റോബിൻ ഉത്തപ്പ എത്തിയതോടെ ചെന്നൈ ഇന്നിങ്സ് ടോപ് ഗിയറിലായി. രണ്ടാം വിക്കറ്റിൽ ഇരുവരും അതിവേഗം 63 റൺസ് അടിച്ചെടുത്തു. ഈ കൂട്ടുകെട്ട് പൊളിച്ചതും നരെയ്നായിരുന്നു. 15 പന്തിൽ നിന്ന് മൂന്ന് സിക്സടക്കം 31 റൺസെടുത്ത ഉത്തപ്പയെ നരെയ്ൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
പിന്നാലെയെത്തിയ മോയിൻ അലിയും കൊൽക്കത്ത ബൗളിങ്ങിനെ കടന്നാക്രമിക്കുകയായിരുന്നു. 20 പന്തിൽ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 37 റൺസോടെ പുറത്താകാതെ നിന്ന അലി, ഡുപ്ലെസിക്കൊപ്പം മൂന്നാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്തു.
കൊൽക്കത്തയ്ക്കായി നാല് ഓവർ എറിഞ്ഞ സുനിൽ നരെയ്ൻ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നാല് ഓവർ എറിഞ്ഞ ലോക്കി ഫെർഗൂസൻ 56 റൺസ് വഴങ്ങി.
നേരത്തെ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇരു ടീമും കളത്തിലിറങ്ങിയത്.