
ചെന്നൈ: ഐപിഎല്ലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ മുംബൈയെ കീഴടക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. നാല് വിക്കറ്റിനാണ് ചെന്നൈയുടെ ജയം. മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. അര്‍ധസെഞ്ചുറിയുമായി രചിന്‍ രവീന്ദ്രയാണ് ചെന്നൈ നിരയില്‍ തിളങ്ങിയത്. മുംബൈക്കായി മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ മൂന്നുവിക്കറ്റെടുത്തു.
മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് 11-റണ്‍സെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. രാഹുല്‍ തൃപതി(2)വേഗം മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഒന്നിച്ച രചിന്‍ രവീന്ദ്രയും ഋതുരാജ് ഗെയ്ക്വാദും സ്‌കോര്‍ ഉയര്‍ത്തി. 26 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത ഗെയക്വാദിനെ പുറത്താക്കി മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ മുംബൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
പിന്നാലെ രണ്ടുവിക്കറ്റുകള്‍ കൂടി പിഴുത് വിഘ്‌നേഷ് ചെന്നൈയെ പ്രതിരോധത്തിലാക്കി. മുംബൈക്ക് നേരിയ വിജയപ്രതീക്ഷ കൈവന്നു. ചെന്നൈ 107-4 എന്ന നിലയിലേക്ക് വീണു. പിന്നാലെ സാം കറനെ(4) വില്‍ ജാക്‌സ് പുറത്താക്കി. എന്നാല്‍ ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ രചിന്‍ രവീന്ദ്ര അര്‍ധസെഞ്ചുറിയുമായി ടീമിനെ വിജയത്തിലെത്തിച്ചു. നാല് വിക്കറ്റ് ജയവുമായി ചെന്നൈ മടങ്ങി.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണെടുത്തത്. തുടക്കം പതറിയ മുംബൈക്ക് 36 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. രോഹിത് ശര്‍മ(0), റിക്കല്‍ട്ടണ്‍(13), വില്‍ ജാക്ക്‌സ്(11) എന്നിവര്‍ വേഗം മടങ്ങി. സൂര്യ കുമാര്‍ യാദവ്(29), തിലക് വര്‍മ(31), ദീപക് ചാഹര്‍(28*) എന്നിവരുടെ ഇന്നിങ്‌സുകളാണ് മുംബൈയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഒടുവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സിന് മുംബൈയുടെ ഇന്നിങ്‌സ് അവസാനിച്ചു. ചെന്നൈക്കായി നൂര്‍ അഹമ്മദ് നാല് വിക്കറ്റും ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റുമെടുത്തു.