ഇറക്കമുള്ള ചുരിദാര്‍ ധരിച്ചില്ലെങ്കില്‍ കാമ്പസില്‍ പ്രവേശനമില്ല; പെണ്‍കുട്ടികളുടെ ചുരിദാറിന്റെ നീളം അളക്കാന്‍ സെക്യൂരിറ്റി!
ഹൈദരാബാദ്: ഇറക്കമുള്ള ചുരിദാര്‍ ധരിച്ചില്ലെങ്കില്‍ പെണ്‍കുട്ടികളെ കോളേജ് കാമ്പസില്‍ പ്രവേശിപ്പില്ലെന്ന് ഹൈദരാബാദിലെ സെന്റ് ഫ്രാന്‍സിസ് വിമണ്‍സ് കോളജ്. നിയമം പാലിക്കാത്തവരെ കണ്ടെത്താന്‍ കോളജിന്റെ ഗേറ്റില്‍ വനിതാ സെക്യൂരിറ്റി ജീവനക്കാരിയെ നിയോഗിച്ചിരിക്കുകയാണ് അധികൃതര്‍. ചുരിദാറിന്റെ ഇറക്കം അളന്ന് ബോധ്യപ്പെട്ട ശേഷമാണ് പെണ്‍കുട്ടികളെ അകത്തേക്ക് കടത്തിവിടുന്നത്. വെള്ളിയാഴ്ച നടന്ന പരിശോധനയുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി കോളജിലെ ഒരു മുന്‍കാല വിദ്യാര്‍ത്ഥിനി ഫേസ്ബുക്കിലുടെ പുറത്തുവിടുകയായിരുന്നു.
ഓഗസ്റ്റ് ഒന്നു മുതലാണ് പുതിയ ഡ്രസ് കോഡ് കോളജില്‍ നിലവില്‍ വന്നത്. കയ്യുള്ളതും കാല്‍മുട്ടിനു താഴെ ഇറക്കമുള്ള കുര്‍ത്തി ധരിച്ചു വേണം കുട്ടികള്‍ കോളജില്‍ എത്താന്‍ എന്നാണ് അധികൃതരുടെ നിര്‍ദേശം. സ്ലീവ്ലെസ്, ഷോര്‍ട്സുകള്‍ അതുപോലെയുള്ള വസ്ത്രങ്ങള്‍ കോളജില്‍ ധരിക്കുന്നത് നിരോധിക്കുകയും ചെയ്തു. ഡ്രസ് കോഡ് പാലിക്കാത്ത വിദ്യാര്‍ത്ഥികളെ ക്ലാസില്‍ ഇരിക്കാന്‍ അനുവദിക്കില്ലെന്നു കാണിച്ചുള്ള സര്‍ക്കുലര്‍ ജൂലായില്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.