KeralaNews

ക്ഷേത്ര എഴുന്നള്ളത്തിന് ആനയ്ക്കുപകരം രഥം മതി, ഘോഷയാത്രയ്ക്ക് ഡി.ജെ. വേണ്ട; ദേവസ്വം ബോര്‍ഡ് തീരുമാനങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ആനയിടഞ്ഞ് മരണങ്ങൾ ആവർത്തിക്കുന്നതോടെ ഉത്സവനയത്തിൽ മാറ്റംവരുത്താൻ ദേവസ്വംബോർഡിന്റെ തീരുമാനം. എഴുന്നള്ളത്തിന് ആനയ്ക്കുപകരം രഥം ഉപയോഗിച്ചാൽ മതിയെന്നാണ് തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ നിർദേശം.

ഉത്സവഘോഷയാത്രയിൽ ഡിജെയും നാസിക്‌ഡോളും ലേസർഷോയും ഉപയോഗിക്കുന്നതും ബോർഡ് വിലക്കും. ആചാരപരമായകാര്യങ്ങളിൽ ആനയെഴുന്നള്ളത്തിന് വിലക്കില്ല. എന്നാൽ, പള്ളിവേട്ട, ആറാട്ട് ചടങ്ങുകൾക്കുമാത്രമായി ആനയെ ചുരുക്കാനാണ് തീരുമാനം. സ്ഥലപരിമിതിയുള്ള ക്ഷേത്രങ്ങളിൽ ആനയെഴുന്നള്ളത്തിന് കടുത്തനിയന്ത്രണങ്ങൾവരും.

ഓരോക്ഷേത്രത്തിലെയും ആചാരത്തിനും ചടങ്ങിനുമൊത്ത് എഴുന്നള്ളത്തിന് രഥമാകാം. അല്ലെങ്കിൽ ദേവസങ്കല്പത്തിലുള്ള മറ്റുരീതിയിൽ എഴുന്നള്ളത്തുനടത്തണം. രഥത്തിൽ ദേവീദേവന്മാരെ എഴുന്നള്ളിക്കുന്നതിനോട് യോഗക്ഷേമസഭ അടുത്തിടെ അനുകൂലനിലപാടെടുത്തിട്ടുണ്ട്.

ഡിജെയിൽ ‘അഴകിയലൈല’പോലുള്ള തട്ടുപൊളിപ്പൻ പാട്ടുകേൾപ്പിച്ച് ഉത്സവഘോഷയാത്ര നടത്തുന്നതടക്കമുള്ള കാര്യങ്ങൾ ദേവസ്വം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആനയ്ക്ക് പ്രകോപനമുണ്ടാക്കുന്നതരത്തിലാണ് നാസിക്‌ഡോളും ലേസർഷോയും ഡിജെയും ഉപയോഗിക്കുന്നത്. ഇതൊക്കെ ആനയിടയാൻ കാരണമാകുന്നു. ദേവരഥം ഉപയോഗിച്ചാൽ ഇത്തരം പ്രതിസന്ധി ഒഴിവാക്കി സുരക്ഷിതമായി ഉത്സവം നടത്താമെന്നാണ് ദേവസ്വംബോർഡിന്റെ പ്രതീക്ഷ.

ആനയെ എഴുന്നെള്ളിക്കേണ്ടിവന്നാൽ എണ്ണം പരിമിതപ്പെടുത്തും. സപ്താഹം, നവാഹംപോലുള്ള ചടങ്ങുകൾക്കും ഉത്സവഘോഷയാത്രകൾക്കും ആനയെ കൊടുംചൂടിൽ റോഡിലൂടെ നടത്തിക്കുന്നത് ഒഴിവാക്കണമെന്നാണ് ദേവസ്വംബോർഡിന്റെ നിലപാട്

തന്ത്രിസമൂഹം, മറ്റുദേവസ്വംബോർഡുകൾ, ക്ഷേത്രാചാരത്തിൽ പ്രാവീണ്യമുള്ള പ്രമുഖർ തുടങ്ങിയവരുമായി ഇക്കാര്യങ്ങൾ ചർച്ചചെയ്യുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ശീവേലിയെഴുന്നെള്ളത്തിന് ആന ഉപയോഗിക്കുന്ന ക്ഷേത്രങ്ങളിൽ അതുതുടരണോയെന്നതും ചർച്ചചെയ്യും. തന്ത്രി കണ്ഠരര് രാജീവരുമായി ചർച്ചനടത്തിക്കഴിഞ്ഞു. ഘോഷയാത്രയുടെപേരിൽ റോഡിലൂടെ പൊരിവെയിലത്ത് ആനയെ എഴുന്നള്ളിക്കാൻ അനുവദിക്കില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker