KeralaNews

K rail Silverline| ഒടുവിൽ സഭയും കളത്തിൽ, പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നോക്കുന്നത് ശരിയല്ലെന്ന് ചങ്ങനാശേരി അതിരൂപത

കോട്ടയം: കെ റെയിൽ (K Rail) വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ചങ്ങനാശ്ശേരി അതിരൂപത (Changanassery Archdiocese) രം​ഗത്ത്. സര്‍ക്കാര്‍ ജനങ്ങളുടെ വികാരം മറക്കുന്നു എന്നാണ് ആരോപണം. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കുന്നത് ശരിയല്ല. പ്രതിഷേധങ്ങളെ അധികാരവും ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നതെന്നും അതിരൂപത പറയുന്നു.

മതസമുദായ നേതാക്കള്‍ സമരക്കാരെ സന്ദര്‍ശിക്കുന്നത് വിമര്‍ശിക്കുന്നതും രാഷ്ട്രീയം കലര്‍ത്തി വ്യാഖ്യാനിക്കുന്നതും പ്രതിഷേധാര്‍ഹമാണ്. കെ റെയിലിന്‍റെ തണലില്‍ രാഷ്ട്രീയലാഭം കൊയ്യാനാണ് വിമർശിക്കുന്നവരുടെ ശ്രമം എന്നും ചങ്ങനാശ്ശേരി അതിരൂപത കുറ്റപ്പെടുത്തുന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്നും കെ റെയിൽ കല്ലിടൽ തുടരും. എറണാകുളം ജില്ലയിൽ കല്ലിടൽ ചോറ്റാനിക്കര പിറവ൦ കേന്ദ്രീകരിച്ച് തുടരും. ജനവാസമേഖലയിലാണ് കല്ലിടൽ തുടരേണ്ടത് എന്നതിനാൽ പ്രതിരോധിക്കാൻ ഉറച്ച് തന്നെയാണ് സമരസമിതി. കോൺഗ്രസ് അണിനിരന്നതിന് പിന്നാലെ ബിജെപിയും ഇന്നു മുതൽ ചോറ്റാനിക്കരയിൽ പ്രതിഷേധ സമരം ശക്തമാക്കു൦. ഡിവൈഎഫ്ഐ ജനസഭ എന്ന പേരിൽ കെ റെയിൽ അനുകൂല പരിപാടി ചോറ്റാനിക്കരയിൽ നടത്തുന്നുണ്ട്. ഡിവൈഎഫ്ഐ സ൦സ്ഥാന പ്രസിഡന്റ് എസ് സതീഷ് ആണ് ഉദ്ഘാടകൻ.

ചെങ്ങന്നൂരിലെ കെ. റെയിൽ പ്രതിഷേധങ്ങൾക്കിടെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഇന്ന് ചേരും. മന്ത്രി സജി ചെറിയാനും യോഗത്തിൽ പങ്കെടുക്കും. യുഡിഎഫും ബിജെപി യും സമരം ശക്തമാക്കുമ്പോൾ അതിനെ കൂടുതൽ പ്രതിരോധിക്കാനുള്ള നീക്കങ്ങൾ യോഗത്തിൽ ചർച്ച ആയേക്കും. പൊതു പണിമുടക്ക്, ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം എന്നിവ സംബന്ധിച്ച ചർച്ചകൾ ആണ് പ്രധാനമായും ഇന്ന് നടക്കുക.

സില്‍വര്‍ ലൈന്‍ (Silver Line) പദ്ധതിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദവുമായി മുഖ്യമന്ത്രി ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു. അനുഭാവപൂര്‍വ്വമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും കേന്ദ്രാനുമതി വേഗത്തിലാക്കാന്‍ കൂടിക്കാഴ്ച സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയില്‍ ഒരുറപ്പും പ്രധാനമന്ത്രി മുന്‍പോട്ട് വയ്ക്കാത്തപ്പോള്‍ പദ്ധതി സങ്കീര്‍ണ്ണമാണെന്നും തിടുക്കം കാട്ടരുതെന്നും റയില്‍വേമന്ത്രരി രാജ്യസഭയില്‍ വ്യക്തമാക്കി.

സില്‍വര്‍ ലൈനിലെ സങ്കീര്‍ണ്ണമായ സാങ്കേതിക പ്രശ്നങ്ങൾക്ക് മുന്നില്‍ മുഖ്യമന്ത്രിയുടെ നയതന്ത്ര നീക്കം. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ പദ്ധതിക്കൊപ്പം നില്‍ക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രം നല്‍കിയ ഉറപ്പനുസരിച്ചാണ് മുന്‍പോട്ട് പോയതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി മുന്‍ റയില്‍വേമന്ത്രി പിയൂഷ് ഗോയല്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ പദ്ധതിക്കനുകൂലമായി സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഡിപിആറിലെ അവ്യക്തതകള്‍ പരിഹരിച്ചെന്നും അവകാശപ്പെട്ടു. റയില്‍വേമന്ത്രിയേയും മുഖ്യമന്ത്രി കണ്ടു.

മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കാമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി പ്രത്യേകിച്ച് ഒരുറപ്പും നല്‍കിയില്ല. പ്രധാനമന്ത്രിയെ കണ്ട റയില്‍വേമന്ത്രി പദ്ധതിക്ക് മുന്നിലുള്ള തടസങ്ങള്‍ അറിയിക്കുകയും ചെയ്തു. പിന്നാലെ രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ ഒരു ലക്ഷം കോടിക്ക് മുകളില്‍ പദ്ധതിക്ക് ചെലവാകുമെന്നും സാങ്കേതിക , പരിസ്ഥിതി പ്രശ്നങ്ങള്‍ മുന്നിലുണ്ടെന്നും ചൂണ്ടിക്കാട്ടി. റയില്‍വേമന്ത്രിയുടെ പ്രസ്താവനയിലൂടെ കേന്ദ്ര നിലപാടില്‍ മാറ്റമില്ലെന്നാണ് വ്യക്തമാകുന്നത്. ഇതെല്ലാം മറികടന്ന് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടുമോയെന്നതിലാണ് കൂടിക്കാഴ്ച നിര്‍ണ്ണായകമാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker