28.9 C
Kottayam
Sunday, May 12, 2024

‘ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം ‘ ; ആരോപണം പ്രതിപക്ഷത്തിന്റെ ഗൂഢാലോചന എന്ന് ചെയർപേഴ്സൺ അജിത തങ്കപ്പൻ

Must read

കൊച്ചി: കൗൺസിലർമാർക്ക് ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപ നൽകിയെന്ന ആരോപണം പ്രതിപക്ഷത്തിന്റെ ഗൂഢാലോചന എന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ. അടിസ്ഥാന രഹിതമായ ആരോപണം ആണ്. കവ൪ മാത്രമാണ് പ്രതിപക്ഷ൦ കാണിക്കുന്നത്, അതിൽ പണമില്ല. മറിച്ച് തെളിയിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു എന്നും അജിത തങ്കപ്പൻ പ്രതികരിച്ചു.

ഓരോ അംഗങ്ങൾക്കും ഓണക്കോടിയോടൊപ്പം കവറിൽ 10,000 രൂപയും നൽകിയെന്നാണ് ആരോപണം ഉയർന്നത്. നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചത്.. കൗൺസിലർമാർക്ക് ഇങ്ങനെ പണം നൽകാൻ നഗരസഭയ്ക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ ചെയർപേഴ്സൻ എങ്ങനെ പണം നൽകിയെന്നാണ് അംഗങ്ങളിൽ ചിലരുടെ സംശയം.

പണം കൈപ്പറ്റുന്നത് പന്തിയല്ലെന്ന് തോന്നിയ പ്രതിപക്ഷത്തെ അടക്കം പതിനെട്ട് കൗൺസിലർമാർ ഇതിനകം പണം തിരിച്ച് നൽകിക്കഴിഞ്ഞു. 43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയർപേഴ്സൻ ആയ അജിത തങ്കപ്പൻ ഭരണം നടത്തുന്നത്. 43 പേർക്ക് പണം നൽകാൻ ചരുങ്ങിയത് 4,30, 000 രൂപയെങ്കിലും വേണ്ടിവരും. ചെയർപേഴ്സൻ നൽകിയ പണം അഴിമതിയിലൂടെ ലഭിച്ച കമ്മീഷൻ പണമാണെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അംഗങ്ങൾ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിക്കഴിഞ്ഞു.

അതിനിടെ, തൃക്കാക്കര നഗരസഭയുടെ ഓണപ്പുടവ വിതരണത്തിൽ ആശാ പ്രവർത്തകയെ അപമാനിച്ചു എന്നാരോപിച്ച് ആശാ പ്രവർത്തകർ നഗരസഭ അധ്യക്ഷ അജിത തങ്കപ്പനു മുന്നിൽ പ്രതിഷേധവുമായി എത്തി ഓണപ്പുടവകൾ തിരിച്ചു നൽകി. ചിങ്ങം ഒന്ന് ചൊവ്വാഴ്ച്ച നഗരസഭയിൽ നടന്ന ആദരിക്കൽ ചടങ്ങിലാണ് ആശാപ്രവർത്തക കെ.എസ് ശ്രീജയെ ഓണപ്പുടവ നൽകാതെ മാറ്റി നിർത്തിയത്.

ഒന്നു മുതൽ 43 വരെയുള്ള ആശാപ്രവർത്തകരെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടയിൽ വാർഡ് 28ലെ ആശ പ്രവർത്തകയായ ശ്രീജയെ ക്ഷണിക്കാതിരുന്നത് മറ്റുള്ള ആശാ പ്രവർത്തകർ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് ശ്രീജക്കും ഓണപ്പുടവ നൽകാൻ തയ്യാറായത്. ഇന്നലെ മുൻ കൗൺസിലറും ആശാ പ്രവർത്തകയുമായ നിഷാബീവിയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തിയ പത്തോളം ആശാ പ്രവർത്തകർ അവർക്കു കിട്ടിയ ഓണപ്പുടവകൾ നഗരസഭ അധ്യക്ഷയെ തിരിച്ചേൽപ്പിക്കുകയും ചെയ്തു. വരും ദിവസങ്ങളിലും പ്രതിഷേധ സൂചകമായി മറ്റുള്ള ആശാപ്രവർത്തകരും ഓണപ്പുടവകൾ തിരിച്ചേൽപ്പിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week