മുംബൈ∙ ഏകദിന ലോകകപ്പ് സെമിഫൈനലിൽ സൂപ്പർ താരം വിരാട് കോലിയുടേയും ശ്രേയസ് അയ്യരുടെയും സെഞ്ചറികളുടെ മികവിൽ ന്യൂസീലൻഡിനു മുന്നിൽ 398 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ് അടിച്ചുകൂട്ടിയത്. വിരാട് കോലി ഏകദിന കരിയറിലെ 50–ാം സെഞ്ചറി കണ്ടെത്തിയ മത്സരത്തിൽ ബാറ്റിങ് റെക്കോർഡുകൾ പലതും മാറ്റിക്കുറിച്ചാണ് ടീം ഇന്ത്യ മുന്നേറിയത്. ഇന്ത്യയുെട ബാറ്റിങ് കരുത്തിനു മുന്നിൽ കിവീസ് ബോളിങ് നിര നിഷ്പ്രഭമായി.
ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചറി പൂർത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടത്തോടെയാണ് കോലി ഇന്ന് ക്രീസ് വിട്ടത്. ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുടെ 49 സെഞ്ചറികളെന്ന റെക്കോർഡാണ് കോലി മറികടന്നത്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്, ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന താരം എന്നീ റെക്കോർഡുകളിലും കോലി സച്ചിനെ മറികടന്നു. 106 പന്തുകളിൽനിന്നാണ് കോലി സെഞ്ചറി പൂർത്തിയാക്കിയത്. 113 പന്തിൽ 117 റൺസ് നേടിയ കോലി ടിം സൗത്തിയുടെ പന്തിൽ ഡെവോൺ കോൺവേയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. 2 സിക്സും 9 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകന്‍ രോഹിത് ശർമയും ശുഭ്മന്‍ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യവിക്കറ്റിൽ ഇരുവരും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ ലോകകപ്പിൽ കൂടുതൽ സിക്സുകളെന്ന റെക്കോർഡും ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കി. 27 ഇന്നിങ്സുകളിൽനിന്ന് 50 സിക്സാണ് രോഹിത്ത് അടിച്ചെടുത്തത്. 34 ഇന്നിങ്സുകളിൽ 49 സിക്സുകൾ അടിച്ച വെസ്റ്റിൻഡീസ് മുൻ താരം ക്രിസ് ഗെയ്‍ലിനെയാണ് രോഹിത് ശർമ പിന്നിലാക്കിയത്.
ലോകകപ്പിൽ 1,500 റണ്‍സും രോഹിത് സെമി ഫൈനൽ പോരാട്ടത്തിൽ പിന്നിട്ടു. മത്സരത്തിൽ 29 പന്തുകൾ നേരിട്ട താരം 47 റൺസെടുത്തു പുറത്തായി. ടിം സൗത്തിയുടെ പന്തിൽ കെയ്ൻ വില്യംസൻ ക്യാച്ചെടുത്താണ് രോഹിത്തിന്റെ പുറത്താകൽ. സെഞ്ചറിയിലേക്ക് കുതിക്കുകയായിരുന്ന ശുഭ്മൻ ഗില്‍ കടുത്ത പേശീവലിവിനേത്തുടർന്ന് 23–ാം ഓവറിൽ ക്രീസ് വിട്ടു. പിന്നാലെ വിരാട് കോലി അർധ സെഞ്ചറി പൂർത്തിയാക്കി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന താരമെന്ന റെക്കോർഡും കോലി സ്വന്തമാക്കി. ഈ ലോകകപ്പിൽ കോലിയുടെ എട്ടാമത്തെ 50+ സ്കോറാണിത്. സച്ചിൻ തെൻഡുൽക്കർ, ഷാക്കിബ് അൽഹസൻ എന്നിവരുടെ റെക്കോർഡാണ് പഴങ്കഥയായത്.
65 പന്തിൽ 79 റൺസെടുത്തു നിൽക്കേ പേശീവലിവിനേത്തുടർന്ന് ഗില്ലിന് ക്രീസ് വിടേണ്ടിവന്നത് ആരാധകർക്ക് നിരാശയായി. എന്നാൽ നാലാം നമ്പരിലിറങ്ങിയ ശ്രേയസ് അയ്യർ വമ്പൻ അടികളുമായി കളം നിറഞ്ഞതോടെ സ്കോർ കുത്തനെ ഉയർന്നു. 70 പന്തുകൾ നേരിട്ട ശ്രേയസ് 105 റൺസ് നേടി പുറത്തായി. 67 പന്തിൽ നിന്നാണ് ശ്രേയസ് സെഞ്ചറി കണ്ടെത്തിയത്.
ആറാമനായി സൂര്യകുമാർ യാദവിന് ഒരു റൺസ് മാത്രമേ കണ്ടെത്താനായുള്ളൂ. ഇന്നിങ്സ് അവസാനിക്കാൻ നാലു പന്തു ശേഷിക്കേ ഗിൽ ക്രീസിലേക്ക് മടങ്ങിയെത്തിയെങ്കിലും താരത്തിന് 1 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. ആകെ 66 പന്തു നേരിട്ട ഗിൽ 3 ഫോറും 8 സിക്സും സഹിതം 80 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറിലും ബൗണ്ടറികൾ കണ്ടെത്തിയ കെ.എൽ.രാഹുൽ ടീം സ്കോർ നാനൂറിനരികെ എത്തിച്ചു. 20 പന്തിൽ 2 സിക്സും 5 ഫോറും സഹിതം 39 റൺസ് നേടിയ താരം പുറത്താകാതെ നിന്നു. ന്യൂസീലൻഡിനായി ടിം സൗത്തി മൂന്നും ട്രെന്‍റ് ബോൾട്ട് ഒരു വിക്കറ്റും നേടി.
ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര.
മികച്ച ബാറ്റിങ് ട്രാക്കാണ് വാങ്കഡെയിലേത്. ബൗണ്ടറിയിലേക്കു ദൂരം കുറവാണെന്നതും സ്കോറിങ് അനായാസമാക്കുന്നു. ഈ ലോകപ്പിൽ ഇവിടെ നടന്ന 4 മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്ത ടീമിന്റെ ശരാശരി സ്കോർ 357 റൺസാണ്. പേസർമാർക്ക് കാര്യമായ പിന്തുണ ലഭിക്കുക രണ്ടാം ഇന്നിങ്സിൽ ബോൾ പഴകുന്നതു വരെയുള്ള ആദ്യ 20 ഓവറുകളിലാവും. ലോകകപ്പിലെ രണ്ടാം ഇന്നിങ്സിലെ പവർ പ്ലേയിൽ പേസർമാർ ഏറ്റവും അധികം വിക്കറ്റ് (17) നേടിയ മൈതാനവും ഇതാണ്.
പകലും രാത്രിയുമായി നടക്കുന്ന മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് വിജയസാധ്യത. ലോകകപ്പിലെ നാലിൽ ഒരു മത്സരത്തിൽ മാത്രം ആ പതിവ് തെറ്റിച്ചത് അഫ്ഗാനിസ്ഥാൻ – ഓസ്ട്രേലിയ മത്സരമാണ്. ഗ്ലെൻ മാക്സ്‌വെലിന്റെ അദ്ഭുത ഇന്നിങ്സ് ആയിരുന്നു കാരണം. മറ്റു 3 മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീം 200 കടന്നിട്ടില്ല.