ന്യൂഡല്‍ഹി: മൊറട്ടോറിയം പലിശയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രണ്ട് കോടിയില്‍ കൂടുതലുള്ള തുകകള്‍ക്ക് അധിക ഇളവ് നല്‍കാനാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
നിലവിലെ സാഹചര്യത്തില്‍ ഇളവുകള്‍ നല്‍കുന്നത് അപ്രസക്തമാണ്. സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നത്. സാമ്പത്തിക നയരൂപീകരണത്തിനുള്ള അധികാരം കേന്ദ്രസര്‍ക്കാറിനാണെന്നും അതില്‍ കോടതി ഇടപെടരുതെന്നും കേന്ദ്രം സമര്‍പ്പിച്ച പുതിയ സത്യാവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.
വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയ കാലയളവില്‍ രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് കൂട്ട് പലിശ ഈടാക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തണം എന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.