ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളോട് ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.
കൊവിഡ് വാക്സിന്‍ സുരക്ഷിതമാണെന്ന് വ്യക്തമായാലുടന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അത് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിവര ശേഖരണമെന്ന് റോയിട്ടേഴ്സ് പറയുന്നു. സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാവും ആദ്യം വാക്സിന്‍ നല്‍കുക. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായാവും വാക്സിന്‍ നല്‍കുകയെന്ന് ഇതുസംബന്ധിച്ച ഉന്നതതല യോഗങ്ങളില്‍ പങ്കെടുത്ത ഒഡീഷയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്തെ 20-25 ലക്ഷം പേര്‍ക്ക് ജൂലായോടെ കൊവിഡ് വാക്സിന്‍ നല്‍കാനാണ് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം ലക്ഷ്യമിടുന്നത്. അടുത്ത വെള്ളിയാഴ്ചയ്ക്കകം മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ കൈമാറണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കൊവിഡ് വാക്സിന്‍ വികസിപ്പിക്കുന്ന വിവിധ സ്ഥാപനങ്ങളുമായി നിര്‍മാണ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ കോവാക്‌സിന്‍ മൂന്നാംഘട്ട ട്രയലിന് കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു.