ന്യൂദല്‍ഹി: കൊവിഡ് ട്രാക്ക് ചെയ്യാന്‍ കൊണ്ടുവന്ന ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചതാരാണെന്ന് അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ പ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ആരാണ് ആപ്പ് കണ്ടുപിടിച്ചതെന്ന് അറിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ആരോഗ്യസേതു ആപ്പിലെ വിവരപ്രകാരം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും ഐ.ടി മന്ത്രാലയവുമാണ് ആപ്പ് വികസിച്ചതെന്നാണ് ഉള്ളത്. എന്നാല്‍ വിവരാവകാശ അപേക്ഷയില്‍ ഇക്കാര്യം അറിയില്ലെന്നാണ് മന്ത്രാലയം മറുപടി നല്‍കിയത്.
എന്നാല്‍ മന്ത്രാലയത്തിന്റെ മറുപടി തൃപ്തികരമല്ലെന്നും വിശദീകരണം നല്‍കണമെന്നും ദേശീയ വിവരാവകാശ കമ്മീഷന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടീസും കമ്മീഷന്‍ സര്‍ക്കാരിന് അയച്ചിട്ടുണ്ട്. നേരത്തെ ആരോഗ്യസേതു ആപ്പില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടെന്ന് എത്തിക്കല്‍ ഹാക്കര്‍ വെളിപ്പെടുത്തിയിരുന്നു.
90 മില്യണ്‍ ഉപഭോക്താക്കളുടെ സ്വകാര്യത അപകടത്തിലാണെന്നും തന്നെ നേരിട്ട് ബന്ധപ്പെട്ടാല്‍ സുരക്ഷാ വീഴ്ച്ചകള്‍ അറിയിക്കാമെന്നുമാണ് എത്തിക്കല്‍ ഹാക്കര്‍ ട്വിറ്ററിലൂടെ അറിയിച്ചത്. ഫ്രഞ്ച് ഹാക്കറായ റോബര്‍ട്ട് ബാപ്റ്റിസ്റ്റാണ് വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമാണെന്നും എന്‍ക്രിപ്റ്റഡ് ആയാണ് സൂക്ഷിക്കുന്നതെന്നുമാണ് അധികൃതര്‍ പറഞ്ഞിരുന്നത്.