കൊച്ചി: കേരളത്തിലെ ഈദുല്‍ ഫിത്ര്‍ അവധി ദിനമായ മെയ് 2ന് പരീക്ഷ പ്രഖ്യാപിച്ച് സിബിഎസ്ഇ. 10, 12 ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷയാണ് ഈ ദിവസങ്ങളില്‍ നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കലണ്ടര്‍ അനുസരിച്ച് ഈദുല്‍ ഫിത്‌റിന്റെ അവധി മെയ് 3ന് ആയതിനാലാണ് ഇത്തരത്തില്‍ പരീക്ഷാ ടൈം ടേബിള്‍ പ്രഖ്യാപിച്ചത്.
പത്താം ക്ലാസ് ഹോം സയന്‍സ് പരീക്ഷയും 12ാം ക്ലാസിലെ ഹിന്ദി ഭാഷ് പരീക്ഷയുമാണ് മെയ് 2ന് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ മേയ് 3ന് പരീക്ഷകളൊന്നുമില്ല. ഏപ്രില്‍ 26ന് ആണ് സിബിഎസ്ഇ രണ്ടാം ടേം പരീക്ഷകള്‍ ആരംഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ കലണ്ടര്‍ പ്രകാരം മേയ് 2ന് ആണ് ഈദുല്‍ ഫിത്തര്‍. കഴിഞ്ഞ വര്‍ഷവും ഇതേ ആശയക്കുഴപ്പം സംഭവിച്ചിരുന്നു. കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍സ് കേരള ഉള്‍പ്പടെയുള്ളവരുടെ അഭ്യര്‍ത്ഥന പ്രകാരം കഴിഞ്ഞ വര്‍ഷം പരീക്ഷകള്‍ മറ്റൊരു തിയതിയിലേക്ക് മാറ്റിവച്ചിരുന്നു.