കൊച്ചി: ഡോ. വന്ദനാദാസ് കൊലക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല. കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ബോധപൂര്‍വമായി ഗുരുതരമായ വീഴ്ചയോ കുറ്റകൃത്യമോ സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് കേസ് സി.ബി.ഐ.ക്ക് വിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയത്. കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി.
കേസില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയോ കുറ്റകൃത്യം സംഭവിക്കുകയോ ചെയ്‌തെന്ന് ബോധ്യപ്പെട്ടാലാണ് കേസ് സി.ബി.ഐ. പോലുള്ള ഏജന്‍സികള്‍ക്ക് വിടേണ്ടത്. ഈ കേസില്‍ സന്ദീപ് മാത്രമാണ് പ്രതി. മറ്റാര്‍ക്കും പങ്കില്ല. പ്രതി സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ച പോലീസുകാരുടെ ഭാഗത്തുനിന്ന് ബോധപൂര്‍വമായ വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടിട്ടില്ല. അതിനാല്‍ കേസില്‍ മറ്റൊരു ഏജന്‍സി അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ അന്വേഷണം തൃപ്തികരമാണെന്ന സര്‍ക്കാര്‍ വാദവും കോടതി അംഗീകരിച്ചു.
വന്ദനാദാസ് കൊലക്കേസില്‍ പോലീസിന്റെ വീഴ്ച മറച്ചുവെച്ചാണ് അന്വേഷണം നടക്കുന്നതെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് വന്ദനയുടെ മാതാപിതാക്കള്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടിരുന്നത്.
2023 മേയ് 10-നായിരുന്നു വന്ദനാദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സയ്ക്കായി പോലീസ് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊന്നെന്നാണ് കേസ്. ഡ്യൂട്ടിക്കിടെ ഡോക്ടര്‍ കൊല്ലപ്പെടുന്ന കേരളത്തിലെ ആദ്യസംഭവവുമാണിത്.
കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നില്ല.