26.2 C
Kottayam
Friday, April 19, 2024

ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഫേസ്ബുക്ക് വിവരങ്ങള്‍ മോഷ്ടിച്ചതിന് കേംബ്രിഡ്ജ് അനലിറ്റിക്കക്കെതിരെ സി.ബി.ഐ കേസെടുത്തു

Must read

ന്യൂയോര്‍ക്ക്: 5.62 ലക്ഷം ഇന്ത്യന്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ചുവെന്ന് ആരോപിച്ച് യു.കെ ആസ്ഥാനമായുള്ള പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്കക്കെതിരെ സി.ബി.ഐ കേസ് ഫയല്‍ ചെയ്തു. ഇതേ സാഹചര്യത്തില്‍ ആ രാജ്യത്ത് നിന്നുള്ള മറ്റൊരു കമ്പനിയായ ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനെതിരെയും (ജിഎസ്ആര്‍എല്‍) സി.ബി.ഐ കേസെടുത്തിട്ടുണ്ട്.

ലോകമെമ്പാടുമുള്ള 50 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് അവരുടെ അനുമതിയില്ലാതെ കമ്പനി സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചുവെന്ന് 2018 മാര്‍ച്ചില്‍, കേംബ്രിഡ്ജ് അനലിറ്റിക്കയിലെ മുന്‍ ജീവനക്കാര്‍, അസോസിയേറ്റുകള്‍, രേഖകള്‍ എന്നിവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫേസ്ബുക്ക്-കേംബ്രിഡ്ജ് അനലിറ്റിക്ക ഡാറ്റാ മോഷണക്കേസില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി രവിശങ്കര്‍ പ്രസാദ് 2018 ജൂലൈയില്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

സിബിഐയുടെ പ്രാഥമിക അന്വേഷണത്തില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയും ജിഎസ്ആര്‍എല്ലും നടത്തിയ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ വെളിപ്പെട്ടു. തുടര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ ആരോപിച്ച് രണ്ട് സ്ഥാപനങ്ങള്‍ക്കുമെതിരെ കേസെടുത്തു.

ജിഎസ്ആര്‍എല്‍ ഇന്ത്യയിലെ 5.62 ലക്ഷം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ച് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി പങ്കിട്ടതായി സിബിഐയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നു. കണ്‍സള്‍ട്ടിംഗ് സ്ഥാപനം ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഡാറ്റ ഉപയോഗിച്ചുവെന്നാണ് ആരോപണം. ജിഎസ്ആര്‍എല്‍ സ്ഥാപകനും ഡയറക്ടറുമായ ഡോ. അലക്‌സാണ്ടര്‍ കോഗന്‍ ‘thisisyourdigitallife’ എന്ന ആപ്ലിക്കേഷന്‍ സൃഷ്ടിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

ഫേസ്ബുക്കിന്റെ നയമനുസരിച്ച് അക്കാദമിക്, ഗവേഷണ ആവശ്യങ്ങള്‍ക്കായി നിര്‍ദ്ദിഷ്ട ഉപയോക്തൃ വിവരങ്ങള്‍ ശേഖരിക്കാന്‍ അപ്ലിക്കേഷനെ അധികാരപ്പെടുത്തി. എന്നാല്‍, ആപ്ലിക്കേഷന്‍ അനധികൃതമായി ഉപയോക്താക്കളുടെ അധിക വിവരങ്ങള്‍ ശേഖരിച്ചു എന്ന് സിബിഐ കണ്ടെത്തി. അപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ അറിവും സമ്മതവുമില്ലാതെ ഡെമോഗ്രാഫിക് വിവരങ്ങള്‍, ഇഷ്ടപ്പെട്ട പേജുകള്‍, സ്വകാര്യ ചാറ്റുകളിലെ ഉള്ളടക്കങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചു.

ഇന്ത്യയില്‍ 335 ഉപയോക്താക്കള്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചു. ഈ 335 പേരുമായി ബന്ധപ്പെട്ട ശൃംഖലയിലുള്ള ഏകദേശം 5.62 ലക്ഷം അധിക ഉപയോക്താക്കളുടെ വിവരങ്ങളും ആപ്ലിക്കേഷന്‍ അനധികൃതമായി ശേഖരിച്ചു. ഇന്ത്യയില്‍ 20 കോടിയിലധികം ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week