
കൊല്ലം: കടലില്‍ ചത്തതുപോലെ കിടന്ന മീനിന് അരലക്ഷം രൂപ വിലയുണ്ടെന്ന് വെള്ളത്തിലേക്ക് എടുത്തു ചാടുമ്പോള്‍ പോലും അറിയില്ലായിരുന്നു. മീനിനെ പിടികൂടി വാട്സ്ആപ്പില്‍ ഫോട്ടോ പങ്കുവെച്ചപ്പോഴാണ് വിലകൂടിയ മത്സ്യമാണെന്ന് തിരിച്ചറിഞ്ഞത്.
‘പൊന്നുതമ്പുരാന്‍’ വള്ളത്തിന് കഴിഞ്ഞ ദിവസം കിട്ടിയ ഒറ്റ മീനാണ് 59,000 രൂപയ്ക്ക് ലേലത്തില്‍ പോയത്. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി വിനോദിന്റെ പൊന്നുതമ്പുരാന്‍ വള്ളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കാണ് പടത്തിക്കോരയെന്ന(ഗോല്‍ഫിഷ്), വിപണിയില്‍ വന്‍വിലയുള്ള മീന്‍ ലഭിച്ചത്. ഗിരീഷ്‌കുമാര്‍ സ്രാങ്കായ വള്ളം മീന്‍പിടിത്തം കഴിഞ്ഞ് കായംകുളം തുറമുഖത്തേക്കു മടങ്ങുമ്പോഴാണ് കടലില്‍ ചത്തതുപോലെ കിടന്ന മീനിനെ കണ്ടത്.
ഗിരീഷും വള്ളത്തിലുണ്ടായിരുന്ന ഗോപനും ചാടിയിറങ്ങി പിടിക്കാന്‍ നോക്കിയപ്പോള്‍ മീന്‍ വഴുതിപ്പോയി. ഇതിനിടെ കുതറി നീന്താന്‍ ശ്രമിച്ച മീനിനെ ഏറെ പണിപ്പെട്ടാണ് ഇവര്‍ വള്ളത്തിലെത്തിച്ചത്. തൂക്കിനോക്കിയപ്പോള്‍ 20 കിലോ ഭാരം. മീന്‍ ഏതെന്നോ വിലവിവരമോ അറിയാതിരുന്ന ഇവര്‍ അപ്പോള്‍ത്തന്നെ ‘കേരളത്തിന്റെ സൈന്യം’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലിട്ടു. പടത്തിക്കോര അഥവാ മെഡിസിനല്‍ കോര എന്നൊക്കെ അറിയപ്പെടുന്ന, വലിയ വില കിട്ടുന്ന മീനാണെന്ന് വാട്സാപ്പ് സന്ദേശത്തില്‍നിന്നു മനസ്സിലായി. തുടര്‍ന്ന് നീണ്ടകരയിലെത്തിച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ ലേലംചെയ്തപ്പോഴാണ് മീനിന് അരലക്ഷത്തിലേറെ വില ലഭിച്ചത്.
പുത്തന്‍തുറ സ്വദേശി കെ ജോയ് ആണ് ലേലത്തില്‍ പിടിച്ചത്.മീനിന്റെ ഔഷധനിര്‍മാണമൂല്യമാണ് ഇത്രയും വില ലഭ്യമാക്കുന്നതെന്ന് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പീറ്റര്‍ മത്യാസ് പറഞ്ഞു. ഇതിന്റെ മാംസത്തിനും രുചിയുണ്ട്. മീനില്‍നിന്നു കിട്ടുന്ന, പളുങ്കെന്നു പറയുന്ന, വെളുത്ത സ്പോഞ്ച് പോലുള്ള വസ്തു ആന്തരികാവയവങ്ങളുടെ ശസ്ത്രക്രിയയ്ക്കുള്ള നൂലുണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.