തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചാകുന്നതായുമുള്ള വാര്‍ത്തയെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നുതന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്പിള്‍ ശേഖരിക്കും. മീന്‍ കേടാകാതിരിക്കാന്‍ എന്തെങ്കിലും മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്തെ മീന്‍കടകളില്‍ നിന്നും വാങ്ങിയ അയല ഉള്‍പ്പെടെയുള്ള മത്സങ്ങള്‍ കഴിച്ചവര്‍ക്ക് വയറുവേദന അനുഭവപ്പെട്ടത്. പച്ചമീനിന്റെ അവശിഷ്ടങ്ങള്‍ കഴിച്ച വളര്‍ത്ത് പൂച്ചകള്‍ ചത്തതായും പരാതി ഉയര്‍ന്നു. പാകം ചെയ്ത മത്സ്യം കഴിച്ച നിരവധി കുട്ടികള്‍ വയറുവേദനയായി സമീപത്തെ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.
അയല മീന്‍ കഴിച്ചവര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. ഇതിനിടെയാണ് പച്ചമീനിന്റെ അവശിഷ്ടങ്ങള്‍ ഭക്ഷിച്ച പൂച്ചകള്‍ കൂട്ടത്തോടെ ചത്തത്. ഇതോടെ തൂക്കുപാലം സ്വദേശി സന്തോഷ് കുമാര്‍ എന്നയാള്‍ പരാതിയുമായി കെ.പി.കോളനി പി.എച്ച്.സി.മെഡിക്കല്‍ ഓഫീസറെ സമീപിക്കുകയായിരുന്നു.
മത്സ്യം കേടുകൂടാതിരിക്കുന്നതിനായി ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ വ്യാപാരികള്‍ ചേര്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് മെഡിക്കല്‍ ഓഫിസര്‍ കത്തില്‍ ആവശ്യപ്പെട്ടരിക്കുന്നത്. മെഡിക്കല്‍ ഓഫിസറുടെ കത്ത് ലഭിച്ചതായി ഉടുമ്പന്‍ചോല ഫുഡ് ആന്‍ഡ് സേഫ്ടി ഓഫീസര്‍ അറിയിച്ചു. ഇതിന് പിന്നാലൊണ് ആരോഗ്യ മന്ത്രിയുടെ നടപടി.