കാസ്റ്റിംഗ് കൗച്ച് നേരിട്ടിട്ടുണ്ട്, രക്ഷപ്പെടാന്‍ ചെയ്തത്; വെളിപ്പെടുത്തലുമായി അനുഷ്‌ക ഷെട്ടി
ഹൈദരാബാദ്:തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് അനുഷ്‌ക ഷെട്ടി. ബാഹുബലി പരമ്പരയിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ നടി. ഒരിടവേളയ്ക്ക് ശേഷം ബോക്‌സ് ഓഫീസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അനുഷ്‌ക ഷെട്ടി. തെലുങ്കിലും തമിഴിലുമെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള അനുഷ്‌ക ഷെട്ടി ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ്.
അനുഷ്‌കയുടെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളും സ്‌ക്രീന്‍ പ്രസന്‍സുമൊന്നും മറ്റാര്‍ക്കും പകരം വെക്കാന്‍ സാധിക്കാത്തതാണ്. അരുന്ധതി, വേദം, രുദ്രമാദേവി, ഭാഗ്മതി, ബില്ല, ബാഹുബലി തുടങ്ങി വന്‍ ഹിറ്റുകളുള്ള കരിയറാണ് അനുഷ്‌കയുടേത്. ഒറ്റയ്‌ക്കൊരു സിനിമയെ വിജയിപ്പിച്ചെടുക്കാനും തനിക്ക് സാധിക്കുമെന്ന് അനുഷ്‌ക കാണിച്ചു തന്നിട്ടുണ്ട്.
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായ അനുഷ്‌കയുടെ അതിലേക്കുള്ള യാത്ര പക്ഷെ അത്ര സുഖകരമായിരുന്നില്ല. മിക്ക താരങ്ങളേയും പോലെ തനിക്കും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഒരിക്കല്‍ അനുഷ്‌ക വെളിപ്പെടുത്തിയിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്തായിരുന്നു സംഭവം. തന്റെ സിനിമയായ നിശബ്ദത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ വച്ചാണ് അനുഷ്‌ക ശര്‍മ കാസ്റ്റിംഗ് കൗച്ച് എന്ന ഗുരുതര പ്രതിസന്ധിയെക്കുറിച്ച് മനസ് തുറന്നത്.
തെലുങ്ക് സിനിമയില്‍ നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച് എന്നാണ് അനുഷ്‌ക പറഞ്ഞത്. തന്നെ അത്തരക്കാരില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്താന്‍ താന്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ എന്താണെന്നും അനുഷ്‌ക പറയുന്നുണ്ട്. ”തെലുങ്ക് സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നത് ഞാന്‍ സമ്മതിക്കുന്നു. പക്ഷെ ഞാന്‍ എന്നും നേരെ വാ നേരെ പോ എന്ന രീതിക്കാരി ആയിരുന്നു. അതിനാല്‍ എനിക്കത് അനുഭവിക്കേണ്ടി വന്നിട്ടില്ല” എന്നാണ് അനുഷ്‌ക പറഞ്ഞത്.
തുറന്നടിച്ചത് പോലെ സംസാരിക്കുന്ന തന്റെ രീതി കാരണം തന്നെ ദുരുപയോഗം ചെയ്യാനുള്ള അവസരം ആര്‍ക്കും കിട്ടിയിരുന്നില്ല എന്നും അനുഷ്‌ക പറയുന്നുണ്ട്. ”ഞാന്‍ എന്നും സ്‌ട്രെയിറ്റ്‌ഫോര്‍വേഡ് ആയിരുന്നു. തുറന്ന് സംസാരിച്ചിരുന്നു. എളുപ്പ വഴിയിലൂടെ കിട്ടുന്ന കുറച്ച് കാലത്തെ പ്രശസ്തിയാണോ വേണ്ടത് അതോ ഈ മേഖലയില്‍ ദീര്‍ഘകാലം നിലനില്‍ക്കണമോ എന്ന് തീരുമാനിക്കേണ്ടത് നടിമാരാണ്” എന്നും അനുഷ്‌ക ഷെട്ടി പറയുന്നുണ്ട്.
കാസ്റ്റിംഗ് കൗച്ച് എന്നത് തെലുങ്ക് സിനിമയില്‍ മാത്രമല്ല മലയാളം മുതല്‍ ഹോളിവുഡ് വരെയുള്ള സിനിമാ ലോകത്ത് നിലനില്‍ക്കുന്നതാണ്. സിനിമയില്‍ മാത്രമല്ല സീരിയല്‍ രംഗത്തും അത് നടക്കുന്നുണ്ട്. മുന്‍നിര താരങ്ങള്‍ മുതല്‍ തുടക്കക്കാര്‍ വരെ തങ്ങള്‍ക്കുണ്ടായ അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. നടിമാര്‍ക്ക് മാത്രമല്ല, നടന്മാര്‍ക്കും അത്തരം ദുരനുഭവമുണ്ടായിട്ടുണ്ട്.
തുടക്കക്കാരും സിനിമാ ലോകത്ത് ബന്ധമില്ലാത്തവരുമാണ് മിക്കപ്പോഴും ഇത്തരക്കാരുടെ ഇരകളായി മാറാറുള്ളത്. എന്നാല്‍ നടി വരലക്ഷ്മി ശരത്കുമാറിനെ പോലെ താരകുടുംബങ്ങളില്‍ നിന്നുള്ളവരെ പോലും വെറുതെ വിട്ടിട്ടില്ല എന്നതാണ് വസ്തുത. തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിക്കൊണ്ട് വരലക്ഷ്മി ചോദിച്ചത് തന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും എന്നാണ്.
അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരികെ വന്നിരിക്കുകയാണ് അനുഷ്‌ക ഷെട്ടി. മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌കയുടെ തിരിച്ചുവരവ്. ഏറെനാളുകളായി താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇടക്കാലത്ത് വണ്ണം കൂടിയതിനാല്‍ അത് കുറയ്ക്കാന്‍ വേണ്ടിയാണ് അനുഷ്‌ക ഇടവേളയെടുത്തത് എന്നൊരു റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്തായാലും താരത്തിന്റെ തിരിച്ചുവരവില്‍ ആരാധകര്‍ സന്തുഷ്ടരാണ്.