ലഖ്‌നൗ : ഉത്തർപ്രദേശിൽ നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടായ ആക്രമണങ്ങളിലും കലാപത്തിലും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരു പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബഹ്‌റൈച്ച് അക്രമക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സർഫറാസ് ആണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. നേപ്പാൾ അതിർത്തി വഴി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് പോലീസ് എൻകൗണ്ടറിൽ സർഫറാസ് കൊല്ലപ്പെട്ടത്.
ബഹ്‌റൈച്ചിൽ ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതി അബ്ദുൾ ഹമീദിൻ്റെ രണ്ടാമത്തെ മകനാണ് സർഫറാസ്. ഘോഷയാത്രയിൽ പങ്കെടുത്തിരുന്ന രാം ഗോപാൽ മിശ്രയ്ക്ക് നേരെ വെടിയുതിർത്തത് സർഫറാസ് ഖാൻ ആയിരുന്നു. കൂട്ടുപ്രതിയായ താലിബുമൊത്ത് അതിർത്തി വഴി നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമമായിരുന്നു സർഫറാസ് നടത്തിയിരുന്നത്. തുടർന്ന് പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ടുപേർക്കും വെടിയേൽക്കുകയും സർഫറാസ് കൊല്ലപ്പെടുകയും ആയിരുന്നു.
കഴിഞ്ഞദിവസം സർഫറാസ് നവരാത്രി ഘോഷയാത്രയ്ക്ക് നേരെ വെടിയുതിർക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് ഇരുപ്രതികളും നേപ്പാളിലേക്ക് രക്ഷപ്പെടാൻ ശ്രമം നടത്തിയത്. എന്നാൽ, കോട്വാലി നൻപാറ മേഖലയിലെ ഹന്ദ ബസേഹാരി കനാലിന് സമീപംവെച്ച് ഇരുവരെയും പോലീസ് വളയുകയും ഏറ്റുമുട്ടൽ ഉണ്ടാവുകയും ആയിരുന്നു.