ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ വാഹനാപകടത്തില്‍ മലയാളികള്‍ അടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാല് പേരാണ് മലയാളികള്‍. പാലക്കാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ശ്രീനഗര്‍-ലേ ഹൈവേയിലെ സോജില ചുരത്തില്‍ വെച്ചാണ് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
സോനമാര്‍ഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡില്‍ നിന്ന് തെന്നിമാറി താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അതേസമയം സോനാമാര്‍ഗ് പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. ഡ്രൈവര്‍ അടക്കം എട്ട് ടൂറിസ്റ്റുകളായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
വാഹനത്തിന്റെ ഡ്രൈവര്‍ ഐജാസ് മുഹമ്മദും മരിച്ചവരിലുണ്ട്. ഇയാള്‍ ശ്രീനഗര്‍ സ്വദേശിയാണ്. റോഡില്‍ നിറയെ മഞ്ഞ് നിറഞ്ഞ് കിടക്കുകയായിരുന്നു. ഇവരുടെ വാഹനം മഞ്ഞില്‍ തെന്നി മറിയുകയായിരുന്നു. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബാക്കിയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാല് പേരുടെ മരണം പിന്നീടാണ് സ്ഥിരീകരിച്ചത്.
നേരത്തെ ജമ്മു കശ്മീരിലെ തന്നെ ഡോഡുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചിരുന്നു. ഇതില്‍ മൊത്തം 55 പേരുണ്ടായിരുന്നു. ശ്രീനഗറിലെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന ഹൈവേ കടന്നുപോകുന്ന ചുരമാണിത്. താഴ്ച്ചയിലേക്ക് മറിഞ്ഞ വാഹനം പൂര്‍ണമായും തകരുകയായിരുന്നു. അതുകൊണ്ട് രക്ഷാപ്രവര്‍ത്തനം കൊണ്ട് കാര്യമില്ലാതെ പോവുകയായിരുന്നു.