കോഴിക്കോട്: മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥള്‍ക്കും ഇവ ഉപയോഗിക്കുന്നവരുടെ മക്കള്‍ക്കും അഡ്മിഷന്‍ നല്‍കില്ലെന്ന വിചിത്ര സര്‍ക്കുലറുമായി കാലിക്കറ്റ് സര്‍വകലാശാല. സര്‍വകലാശാലയുടെ കീഴിലുള്ള എയ്ഡഡ്, സ്വാശ്രയ കോളജുകളില്‍ പ്രവേശനം നല്‍കില്ലെന്നാണ് സര്‍വകലാശാല സര്‍ക്കുലര്‍ ഇറക്കിയത്. ബിരുദ, ബിരുദാനന്തര കോഴ്സുകളിലൊക്കെ ഈ സര്‍ക്കുലര്‍ ബാധകമാവും.
മദ്യം ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കരുതെന്നാണ് സര്‍ക്കുലറില്‍ ഉള്ളത്. 2020-21 അധ്യയന വര്‍ഷം മുതല്‍ അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ഥികളും രക്ഷിതാക്കളും മദ്യമോ ലഹരിയോ ഉപയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കണം. എങ്കില്‍ മാത്രമേ അഡ്മിഷന്‍ ലഭിക്കൂ.
ലഹരി വസ്തുക്കളുടെ ഉപയോഗമോ വിനിമയമോ ആയി ബന്ധപ്പെട്ട പ്രവൃത്തികളില്‍ ഏര്‍പ്പെടില്ലെന്നും ഏര്‍പ്പെട്ടാല്‍ ശിക്ഷ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുമെന്നും സത്യവാങ്മൂലത്തില്‍ ഒപ്പിട്ട് നല്‍കണം. ലഹരിവിരുദ്ധ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പുതിയ ഉത്തരവ് ഇറക്കിയത്. ഫെബ്രുവരി 27നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കോളജുകള്‍ക്ക് പുറമെ യൂണിവേഴ്‌സിറ്റി പഠന വിഭാഗങ്ങളും ഈ ഉത്തരവ് ബാധകമാണ്.
കഴിഞ്ഞ വര്‍ഷം നടന്ന ലഹരിവിരുദ്ധ സമിതി യോഗത്തിലാണ് ഇത്തരമൊരു ശുപാര്‍ശ കാലിക്കറ്റ് സര്‍വകലാശാലക്ക് മുമ്പാകെ എത്തിയത്. ഒരു വര്‍ഷത്തിനു ശേഷമാണ് ഇത് നടപ്പിലാക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയ്യാറായിരിക്കുന്നത്. യൂണിവേഴ്സിറ്റി പഠന വിഭാഗം മേധാവികള്‍ക്കും എയ്ഡഡ്, സ്വാശ്രയ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കും സര്‍ക്കുലര്‍ എത്തിച്ചിട്ടുണ്ട്.