പൗരത്വബില്‍ പ്രതിഷേധം കത്തുന്നു,ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ പോലീസ് തേര്‍വാഴ്ച,രാജ്യമൊട്ടാകെ യുവാക്കള്‍ തെരുവില്‍
ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി പൊലീസ് ആസ്ഥാനം ഉപരോധിച്ചു.
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ജാമിയ മിലിയ സര്‍വകലാശാല കാമ്പസില്‍ പ്രവേശിച്ച് കവാടം അടച്ചിരുന്നു. പുറത്തു നിന്നുള്ള ചിലര്‍ സര്‍വകലാശാലയ്ക്കുള്ളില്‍ അഭയം തേടുന്നത് തടയുന്നതിനാണ് ഇതെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം. ഇതിനെതിരെയാണ് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.
വൈകിട്ട് നാല് മണിയോടെയാണ് ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് സമീപം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനെതിരെ നാട്ടുകാരും ചില സംഘങ്ങളും സംഘടിച്ചതോടെ അക്രമം പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമിയ നഗറും മധുര ദേശീയ പാതയും മണിക്കൂറുകളോളം യുദ്ധക്കളമായി.
ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ബസുകളും സ്വകാര്യ വാഹനങ്ങളും അഗ്നിക്കിരയായി. അതിനിടെ പൊലീസുകാര്‍ ബസ് കത്തിച്ചുവെന്ന മട്ടിലുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. ജാമിയ മിലിയ ക്യാമ്പസിലേക്ക് പൊലീസ് ഇരച്ചുകയറിയെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ലൈബ്രറിയിലും ഹോസ്റ്റലിലും പൊലീസ് അതിക്രമം കാട്ടിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
സംഘര്‍ഷത്തില്‍ പങ്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ വിശദീകരണം. ജാമിയ മില്ലിയ സര്‍വകലാശലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തിയ പ്രദേശവാസികളാണ് അക്രമം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സമാധാനപരമായി സമരം നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികളല്ലാത്തവര്‍ അക്രമം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ ജാമിയക്ക് പിന്നാലെ അലിഗഢ് സര്‍വകലാശാലയിലും വന്‍ സംഘര്‍ഷമാണ് അരങ്ങേറിയത്. സര്‍വകലാശാലയ്ക്ക് പുറത്തുള്ള ബാബ് – എ – സയ്യിദ് ഗേറ്റിന് സമീപത്ത് വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടി. പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ തിരികെ കല്ലെറിഞ്ഞെന്നാണ് പൊലീസ് ആരോപിക്കുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍വകലാശാല അടുത്ത മാസം അഞ്ചാം തീയതി വരെ അടച്ചിട്ടു.