തന്നെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം; ശബ്ദരേഖയ്ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയെന്നും സി.കെ.ജാനു
വയനാട്: ജെ.ആർ.പി. ട്രഷറർ പ്രസീത അഴീക്കോട് ഉയർത്തിയ പുതിയ ആരോപണങ്ങൾ നിഷേധിച്ച് സി.കെ.ജാനു. ആസൂത്രിതമായി തന്നെ തകർക്കുക എന്ന നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ആരോപണം വരുന്നതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സി.കെ.ജാനു പറഞ്ഞു. പ്രസീത അഴീക്കോടിന്റെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സി.കെ.ജാനു.
താൻ എവിടെയെങ്കിലും പോയി താമസിക്കുമ്പോൾ ഒരുപാട് ആളുകൾ കാണാൻ വരാറുണ്ടെന്നും ഫോൺ വിളിച്ച് റൂം നമ്പർ എന്ന് ചോദിക്കുമ്പോൾ പറയാറുണ്ടെന്നും സി.കെ. ജാനു പറഞ്ഞു. അങ്ങനെ ഒരു സംഭവം മാത്രണാണിതെന്നും ജാനു പറഞ്ഞു. ആസൂത്രിതമായി തന്നെ തകർക്കുക എന്ന നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ആരോപണം വരുന്നത്. ഇതിന്റെ പുറകിൽ ഗൂഢാലോചന നടന്നു. പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയത് പോലുള്ള ഒരു ഗൂഢാലോചനയായാണ് തോന്നുന്നത്.
ഒരിക്കൽ ഉയർത്തിയ ആരോപണം അത് അതോടുകൂടി തീർന്നിട്ടില്ല. നിരന്തരമായി ആരോപണം ഉന്നയിക്കുന്നത് കൃത്യമായി പ്ലാൻ ചെയ്തത് പോലെയാണ് തോന്നുന്നത്. ഇതുമായി ബന്ധപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും തെളിവും രേഖകളും വരുമ്പോൾ നിലപാട് എടുക്കുമെന്നും സി.കെ. ജാനു കൂട്ടിച്ചേർത്തു.
പ്രസീതയുടെ വാക്കുകൾ ഇങ്ങനെ
‘ഹോട്ടലിലേക്ക് തലേദിവസം ജാനു വരുന്നത് വരെ സുരേന്ദ്രൻ തന്നെ വിളിച്ചുകൊണ്ടിരുന്നു. നാലഞ്ചു പ്രാവശ്യം തന്നെ വിളിച്ചിട്ടുണ്ട്. ജാനു രാത്രി എത്തിയതിനു ശേഷമാണ് പിറ്റേന്ന് കാലത്ത് കാണാം എന്ന് പറയുന്നത്. രാവിലെ വിളിച്ച് റൂം നമ്പർ ഏതാണെന്ന് തിരക്കുകയും ഏത് സമയത്ത് കാണാൻ സാധിക്കുമെന്നും ആരാഞ്ഞു. സുരേന്ദ്രന് സൗകര്യമുള്ള സമയത്ത് കാണാം എന്ന മറുപടിയും നൽകി- പ്രസീത പറയുന്നു. തന്റെ ഫോണിലേക്ക് സുരേന്ദ്രന്റെ ഫോണിൽനിന്ന് കോൾ വന്നപ്പോൾ ജാനു ചാടിക്കയറി എടുത്തു. സുരേന്ദ്രന്റെ പി.എ. ആയിരുന്നു അദ്ദേഹത്തിന്റെ ഫോണിൽനിന്ന് വിളിച്ചതെന്നും പ്രസീത കൂട്ടിച്ചേർത്തു.
അതിനു ശേഷം സുരേന്ദ്രനും അദ്ദേഹത്തിന്റെ ഒപ്പമുള്ള ആളും മുറിയിലെത്തി. രണ്ടുമിനിട്ട് ജാനുവുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞതോടെ തങ്ങൾ പുറത്തിറങ്ങിയെന്നും പ്രസീത പറഞ്ഞു. ആ മുറിയിൽവെച്ചാണ് സംസാരിച്ചതും പണം കൈമാറിയതെന്നും അവർ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പത്തുലക്ഷത്തിന്റെ കാര്യമാണ് ഇതുവരെ പറഞ്ഞത്. ബത്തേരിയിലെ കാര്യം ഇതുവരെ പറഞ്ഞിട്ടില്ലെന്നും അവർ വ്യക്തമാക്കി. ബത്തേരിയിലേക്ക് വരുന്നതേയുള്ളൂ. ഇതിനെക്കാളും കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും പ്രസീത പറഞ്ഞു. നാളെ തനിക്കോ തന്റെ പാർട്ടിയിലെ ആളുകൾക്കോ എന്ത് സംഭവിച്ചാലും കാര്യങ്ങൾ മുന്നോട്ടു തന്നെ പോകുമെന്നും പ്രസീത പറഞ്ഞു.
മാർച്ച് ഏഴാം തിയതി രാവിലെ 9.56-നാണ് സുരേന്ദ്രന്റെ ഫോണിൽനിന്ന് പി.എ. ദിപിൻ പ്രസീതയെ വിളിക്കുന്നത്. ഈ കോൾ ആണ് ജാനു എടുക്കുന്നത്. ചാർജ് ചെയ്യാൻ വെച്ചിരുന്ന ഫോണിൽ സുരേന്ദ്രൻ എന്ന പേരിൽ സേവ് ചെയ്ത നമ്പറിൽനിന്ന് കോൾ വന്നതോടെ ജാനു എടുക്കുകയായിരുന്നു. തുടർന്ന് സുരേന്ദ്രനും സംഘവും 503-ാം നമ്പർ മുറിയിലെത്തി. ആദ്യഘട്ടത്തിൽ പ്രസീത ഉൾപ്പെടെയുള്ള ആളുകളുമായി ചർച്ച നടത്തി. പിന്നാലെ സുരേന്ദ്രനും ജാനവും തനിച്ച് ചർച്ച നടത്തി. അതിനുശേഷം കയ്യിലുണ്ടായിരുന്ന ബാഗിൽനിന്ന് പണം ജാനുവിന് കൈമാറി. തുടർന്ന് പണം കിട്ടിയ കാര്യം ജാനു തന്നെ അറിയിച്ചു.-പ്രസീത പറയുന്നു.