തിരുവനന്തപുരം: ഭാര്യയെയും ഭാര്യ മാതാവിനേയും ദേഹോപദ്രവം ഏൽപിച്ച്, ഭാര്യ മാതാവിന്‍റെ മൂക്ക് ഇടിച്ച് പൊട്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. നെടുമങ്ങാട് മുളമുക്ക് എലിക്കോട്ടുകോണം പുത്തൻ വീട്ടിൽ എഫ്. ഷെഹിൻ(41) നെയാണ് നെടുമങ്ങാട് സിഐ എസ് സതീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ ഇയാൾ ഭാര്യ ആശയെ(33) സ്ത്രീധനത്തിന്‍റെ പേരിൽ ദേഹോപദ്രവം ഏൽപിക്കുന്നത് കണ്ടു, തടയാൻ എത്തിയ ആശയുടെ അമ്മ കെസിയ(65)യെയും ആക്രമിച്ച് മൂക്ക് ഇടിച്ച് പൊട്ടിക്കുക ആയിരുന്നു എന്നാണ് കേസ്. ഇവരുടെ പരാതിയിന്മേൽ ആണ് പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.
2013 ഏപ്രിൽ 16ന് ആയിരുന്നു ഷെഹിനും ആശയും വിവാഹിതരായത്. വിവാഹ ശേഷം ഒരു വർഷം കഴിഞ്ഞപ്പോൾ ആയിരുന്നു തനിക്ക് സ്ത്രീധനം ലഭിച്ചില്ലെന്നും, ബൈക്ക് വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ട് ഭാര്യ ആശയുമായി വഴക്ക് ആരംഭിക്കുന്നത്. പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകുന്നത് പതിവായി എന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ ഷെഹിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം: അയിരൂരിൽ ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കർണാടകയിൽ നിന്ന് പിടികൂടി. താന്നിമൂട് വീട്ടിൽ സുനിൽകുമാറാണ് പിടിയിലായത്. അയിരൂരിൽ ഫെബ്രുവരി എട്ടാം തീയതിയായിരുന്നു സംഭവം.
32 കാരിയെ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് എത്തിയാണ് സുനിൽ കുമാര്‍ പീഡിപ്പിച്ചത്. തൊഴിലുറപ്പു തൊഴിലാളികളായ മാതാപിതാക്കൾക്ക് ഭക്ഷണം നൽകി തിരിച്ചെത്തിയ, യുവതിയുടെ സഹോദരിയാണ് അതിക്രമം കാണുന്നത്. സഹോദരി ബഹളം വച്ചതോടെ സുനിൽകുമാർ ഓടി രക്ഷപ്പെട്ടു. മാതാപിതാക്കളുടെ പരാതിയിലായിരുന്നു അയിരൂര്‍ പൊലീസിന്‍റെ അന്വേഷണം.
കായലിൽ മണലൂറ്റ് ജോലിക്കാരനായ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ടവർ ലൊക്കേഷൻ നോക്കി പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വർക്കല ഡി വൈ എസ് പിയുടെ നിര്‍ദ്ദേശാനുസരണം പൊലീസ് സംഘം കർണാടകയിലെ റാം ചൂഡിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.