‘കസേരയില്‍ ഇരിക്കാന്‍ അനുവദിക്കില്ല, എനിക്ക് ഉന്നതങ്ങളില്‍ ബന്ധമുണ്ട്’ ഫിറ്റ്‌നെസ് റദ്ദാക്കിയ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ബസുടമയുടെ ഭീഷണി
കൊല്ലം: ചട്ടലംഘനം നടത്തി സര്‍വീസ് നടത്തിയിരുന്ന ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ബസുടമയുടെ ഭീഷണി. തൊടുപുഴയിലെ ജോഷ് ബസിന്റെ ഉടമ ജോഷിയാണ് എവിഎം അജീഷിനെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്. ഭീഷണിയുടെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. എവിഎം ബസുടമയ്‌ക്കെതിരേ പോലീസില്‍ പരാതി നല്‍കി.
ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായിട്ടാണ് ജോഷ് ബസില്‍ എവിഎം പരിശോധന നടത്തിയത്. വേഗപ്പൂട്ട് ഘടിപ്പിക്കാതെയാണ് ബസ് സര്‍വീസ് നടത്തിയിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതോടെയാണ് എവിഎം ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയത്. പിന്നാലെയാണ് ‘ഇന്ന് തന്നെ ബസിന്റെ ബുക്ക് തിരിച്ചെത്തിച്ചില്ലെങ്കില്‍ സര്‍വീസില്‍ കാണില്ല. നിങ്ങളെ കോടതി കയറ്റും. ഗുസ്തി പിടിക്കാന്‍ എന്നോട് വരരുത്. അങ്ങനെ ചെയ്താല്‍ നിന്നെയും കൊണ്ടേ പോകുകയുളളൂ. ജോയിന്റ് ആര്‍ടിഎയ്ക്ക് കാര്യങ്ങള്‍ അറിയാം. കസേരയില്‍ ഇരിക്കാന്‍ പോലും അനുവദിക്കില്ല, ഉന്നതതലങ്ങളില്‍ തനിക്ക് ബന്ധമുണ്ട്’- ഇങ്ങനെ മോശം ഭാഷയില്‍ ജോഷി അജീഷിനോട് പെരുമാറിയത്.