NationalNews

കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകെട്ടുകൾ; ജഡ്ജിയുടെ വീട്ടിൽ‌നിന്ന് പണം കണ്ടെത്തുന്ന ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ യശ്വന്ത്‌ വർമയുടെ ഔദ്യോഗികവസതിയിൽ തീപ്പിടിത്തദിവസം നോട്ടുകെട്ടുകളുണ്ടെന്ന്‌ സ്ഥീരീകരിച്ച്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ഡി.കെ. ഉപാധ്യായയുടെ അന്വേഷണ റിപ്പോർട്ട്‌. ചാക്കിൽ കെട്ടിയനിലയിൽ കണ്ടെത്തിയ പണം പോലീസ്‌ കമ്മിഷണർ കൈമാറിയ വീഡിയോയിൽ കാണാം.

അന്വേഷണറിപ്പോർട്ടും ചിത്രങ്ങളും ശനിയാഴ്ചരാത്രി 11.30-ഓടെ സുപ്രീംകോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 25 പേജുള്ള റിപ്പോർട്ടിൽ സാക്ഷിമൊഴികളും അവരുടെ പേരുവിവരങ്ങളും മറച്ചുവെച്ചു. കത്തിയനിലയിൽ കണ്ടെത്തിയ പണം എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് വിശദാന്വേഷണം വേണമെന്ന്‌ ജസ്റ്റിസ് ഉപാധ്യായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയോട് അഭ്യർഥിച്ചു. സ്റ്റോർറൂമിൽ നോട്ടുകെട്ടുകൾ കത്തിയതായി കാണിക്കുന്ന ഡൽഹി പോലീസ് കമ്മിഷണർ കൈമാറിയ വീഡിയോയെക്കുറിച്ച് ചോദിച്ചപ്പോൾ താൻ വീട്ടിലില്ലായിരുന്നെന്നും അത് തനിക്കെതിരേയുള്ള ഗൂഢാലോചനയാണെന്നും ജസ്റ്റിസ് വർമ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

ചരിത്രത്തിൽ ആദ്യമായാണ് സുപ്രീംകോടതി ആഭ്യന്തര അന്വേഷണറിപ്പോർട്ട് പരസ്യമായി പ്രസിദ്ധീകരിക്കുന്നത്.

അതിനിടെ, യശ്വന്ത് വർമയുടെ ഔദ്യോഗികവസതിയിൽനിന്ന് വൻതോതിൽ പണം കണ്ടെത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ജഡ്ജിമാരുൾപ്പെടെ മൂന്നംഗസമിതിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ്‌ ഖന്ന നിയോഗിച്ചു. അന്വേഷണം നടക്കുന്നതിനാൽ ജസ്റ്റിസ് വർമയ്ക്ക് നിലവിൽ നീതിന്യായച്ചുമതലകളൊന്നും നൽകരുതെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിർദേശിച്ചിട്ടുണ്ട്.

പഞ്ചാബ് ആൻഡ് ഹരിയാണ ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽപ്രദേശ് ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കർണാടക ഹൈക്കോടതി ജഡ്ജിയും മലയാളിയുമായ ജസ്റ്റിസ് അനു ശിവരാമൻ എന്നിവരാണ് അന്വേഷണസമിതിയിലെ അംഗങ്ങൾ. റിപ്പോർട്ട്‌ പ്രകാരമാകും വർമയ്ക്കെതിരേ തുടർനടപടികളുണ്ടാകുക.

പ്രധാനമായും മൂന്നുകാര്യങ്ങളിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തതതേടിയത്. 1. പണം ഏത് വകയിൽ വന്നു, 2. പണത്തിന്റെ ഉറവിടം? 3. സംഭവംനടന്നശേഷം 15-ന് രാവിലെ ആരാണ് കത്തിക്കരിഞ്ഞ പണമുൾപ്പെടെ സാധനസാമഗ്രികൾ നീക്കിയത്‌?

ജസ്റ്റിസ് വർമയുടെ ആറുമാസത്തെ ഫോൺ വിവരങ്ങൾ പെൻഡ്രൈവിലാക്കി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ഉപാധ്യായ സമർപ്പിച്ചു.തെളിവുകൾ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അന്വേഷണറിപ്പോർട്ടിൽ

ആരോപണങ്ങൾ ജസ്റ്റിസ് വർമ നിഷേധിച്ചു. തീപ്പിടിത്തമുണ്ടായ മുറി പ്രധാനവീടിന്റെ ഭാഗമല്ല, അത് ഔട്ട് ഹൗസ് ആണ്. താനോ തന്റെ കുടുംബാംഗങ്ങളോ അവിടെ പണം വെച്ചിട്ടില്ല. അത് തങ്ങളുടെ പണമല്ല – ജസ്റ്റിസ് വർമ അവകാശപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker