കോട്ടയം : പാമ്പാടിയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു.പാമ്പാടി പഞ്ചായത്ത് രണ്ടാം വാർഡിലെ പന്തമാക്കൽ വീട്ടിൽ തങ്കമ്മ ഹരിയുടെ വീട്ടിലെ പോത്താണ് ചത്തത്. ഇന്നലെ രാത്രി മുതലാണ് പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്.
രണ്ടാഴ് മുമ്പ് പോത്തിനെ ഒരു തെരുവുനായ കടിച്ചിരുന്നു. ഈ നായയ്ക്കും പേവിഷ ബാധ ഉണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു. പോത്തിന്റെ പേ വിഷ ബാധ സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തും. മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കുമെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും അറിയിച്ചു.
ഫലപ്രാപ്തിയില്ലെന്ന ആരോപണം ശക്തമായിരിക്കെ,പേ വിഷബാധയ്ക്കെതിരായ വാക്സീന്റെ ഒരു ബാച്ചിന്റെ വിതരണം പിൻവലിച്ചു. വാക്സീൻ സാമ്പിൾ, കേന്ദ്ര ലാബിലേക്ക് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചതോടെയാണ് വാക്സീന്റെ ഒരു ബാച്ച് പിൻവലിച്ചത്. വാക്സീന്റെ ഗുണനിലവാരത്തെ കുറിച്ച് സംശയം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ വീണ്ടും പരിശോധന ആവശ്യപ്പെട്ടത്.
കെബി 210002 എന്ന ബാച്ച് വാക്സീനാണ് അടിയന്തരമായി പിൻവലിച്ചത്. ആശുപത്രികളിൽ നിന്നും വെയർ ഹൗസുകളിൽ നിന്നും വാക്സീന്റെ ഈ ബാച്ച് പിൻവലിക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിർദ്ദേശം നൽകി. വാക്സീൻ പിൻവലിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ വെയർഹൗസുകൾക്ക് കെഎംഎസ്‍സിഎൽ നിർദ്ദേശം നൽകി.
വാക്സീൻ എടുത്തിട്ടും പേ വിഷബാധ മൂലം ആളുകൾ മരിക്കുന്ന സാഹചര്യത്തിലാണ് ഗുണനിലവാരത്തെ കുറിച്ച് വീണ്ടും പരിശോധന നടത്താൻ സർക്കാർ തീരുമാനം. കസൗളിയിലെ കേന്ദ്ര ലാബാണ് ഗുണനിലവാര പരിശോധനാ സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതേ ലാബിൽ വീണ്ടും സാമ്പിളുകൾ പരിശോധിയ്ക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. പിൻവലിച്ച വാക്സീന്റെ ആയിരത്തോളം വയലുകൾ മാത്രമാണ് ഇനി സ്റ്റോക്കുള്ളത്. നാലായിരത്തോളം വയലുകൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.
വാക്സീൻ പിൻവലിച്ചതിൽ ആശങ്ക വേണ്ടെന്നാണ് കെഎംഎസ്‍സിഇൽ അറിയിക്കുന്നത്. ഗുണനിലവാരത്തിന് പുറമെ സൂക്ഷിച്ചത്തിലെ പാളിച്ച, ശീതീകരണ സംവിധാനത്തിലെ പോരായ്മ എന്നിവ വാക്സീൻ ഫലപ്രാപ്തി നഷ്ടപ്പെടാൻ ഇടയാക്കിയോ എന്ന് പരിശോധിക്കും. വാക്സീൻ ഗുണനിലവാരത്തിൽ പ്രശ്നങ്ങൾ ഇല്ലെങ്കിൽ, പേവിഷം പരത്തുന്ന വൈറസിന് ജനിതക വ്യതിയാനം ഉണ്ടായോ എന്നതും പ്രധാനമാണ്.