
മുംബൈ : രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ മൊബൈല്‍ റീച്ചാർജ് പ്ലാനുകൾക്ക് വില കൂട്ടിയത് മുതൽ ആളുകൾ പൊതുമേഖല കമ്പനിയായ ബിഎസ്‌എൻഎല്ലിനോട് വീണ്ടും അടുക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോൾ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ബിഎസ്എൻഎൽ ഒന്നിനുപുറകെ ഒന്നായി ആകര്‍ഷകമായ പ്ലാനുകൾ അവതരിപ്പിക്കുകയാണ്. അടുത്തിടെ ബിഎസ്‌എൻഎൽ ഇന്ത്യയിലെ പ്രീപെയ്‌ഡ് മൊബൈൽ ഉപയോക്താക്കൾക്കായി ഒരു പുതിയ റീച്ചാർജ് പ്ലാൻ പ്രഖ്യാപിച്ചു.
251 രൂപ വിലയുള്ള ഈ പുതിയ പ്ലാൻ ഒരു പ്രത്യേക താരിഫ് വൗച്ചർ (എസ്‍ടിവി) ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ പ്രീപെയ്ഡ് റീച്ചാർജ് വൗച്ചർ, ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025-ന്‍റെ കാഴ്ചക്കാരെ ലക്ഷ്യമിടുന്നു. ഇതിനായി ഏറെ ഡാറ്റ ആനുകൂല്യങ്ങള്‍ 251 രൂപ റീച്ചാര്‍ജില്‍ ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നു.
ഈ പ്ലാനിൽ നിങ്ങൾക്ക് 60 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഇത് മാത്രമല്ല, ഈ പ്ലാൻ ഉപയോക്താക്കൾക്ക് 251 ജിബി അതിവേഗ ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. അതുവഴി നിങ്ങൾക്ക് ഐപിഎൽ 2025 തടസമില്ലാതെ തത്സമയം ആസ്വദിക്കാൻ സാധിക്കും. എങ്കിലും, ഈ ഓഫർ പരിമിതമായ സമയത്തേക്ക് മാത്രമേ ലഭ്യമാകൂ, അതിനാൽ നിങ്ങൾക്ക് ഈ ഓഫർ ലഭിക്കണമെങ്കിൽ ബിഎസ്‌എൻഎൽ ആപ്പ് വഴിയോ ഓൺലൈൻ വഴിയോ ഉടൻ റീച്ചാർജ് ചെയ്യുക.
ഇതൊരു പ്രത്യേക ഡാറ്റ പ്ലാനാണ്. ഈ പ്ലാനിൽ നിങ്ങൾക്ക് പരിധിയില്ലാത്ത കോളിംഗ് അല്ലെങ്കിൽ എസ്എംഎസ് സൗകര്യം ലഭിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് കോൾ വിളിക്കാനോ എസ്എംഎസ് ചെയ്യാനോ ഉള്ള സൗകര്യം വേണമെങ്കിൽ, ഇതിനായി നിങ്ങൾ ഒരു അധിക റീചാർജ് പ്ലാൻ എടുക്കേണ്ടിവരും.
ബിഎസ്എൻഎല്ലിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ നിന്നോ നിങ്ങൾക്ക് ഈ പുതിയ 251 രൂപ ഡാറ്റ പ്ലാൻ റീച്ചാർജ് ചെയ്യാം.ബിഎസ്‌എൻഎൽ എക്‌സിൽ ഔദ്യോഗിക ഹാന്‍ഡില്‍ വഴി ഈ പ്ലാനിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. 251 രൂപയ്ക്ക് 60 ദിവസത്തേക്ക് 251 ജിബി ഹൈ-സ്പീഡ് ഡാറ്റ നേടാമെന്നും തടസമില്ലാതെ ക്രിക്കറ്റ് ആസ്വദിക്കാമെന്നും കമ്പനി പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഐപിഎല്‍ സ്ട്രീമിങ് ഉള്‍പ്പടെ ഇന്‍റര്‍നെറ്റ് കൂടുതലായി ഉപയോഗിക്കുന്നവർക്ക് ഈ പ്ലാനിൽ ചേരാം.ഭോപ്പാൽ, ചണ്ഡീഗഡ്, ചെന്നൈ, ജയ്പൂർ, ലഖ്‌നൗ, പട്‌ന തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ ബിഎസ്‌എൻഎൽ 5ജി ഇൻഫ്രാസ്ട്രക്ചർ പരീക്ഷിച്ചു തുടങ്ങിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ പുതിയ വാർത്തയും എത്തുന്നത്.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഡൽഹിയിൽ നെറ്റ്‌വർക്ക്-ആസ്-എ-സർവീസ് (NaaS) മോഡൽ വാഗ്ദാനം ചെയ്തുകൊണ്ട് 5ജി സേവനങ്ങൾ അവതരിപ്പിക്കാനും ബിഎസ്എൻഎൽ പദ്ധതിയിടുന്നു.