
ബെംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യബസില്‍ മക്കളുടെ കണ്മുന്നില്‍വെച്ച് സ്ത്രീയെ കൂട്ടബലാത്സംഗംചെയ്ത സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. ദാവണഗെരെ ജില്ലയിലെ ഛന്നാപുരയിലാണ് സ്ത്രീയ്ക്ക് നേരേ കൊടുംക്രൂരത അരങ്ങേറിയത്. സംഭവത്തില്‍ ബസ് ഡ്രൈവറെയും കണ്ടക്ടറെയും ഇവരുടെ സഹായിയായ മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മാര്‍ച്ച് 31-നാണ് രണ്ടുകുട്ടികളുടെ കണ്‍മുന്നില്‍വെച്ച് അമ്മയായ യുവതിയെ മൂവരും കൂട്ടബലാത്സംഗംചെയ്തത്. എന്നാല്‍, സംഭവം ഒതുക്കിതീര്‍ക്കാനായിരുന്നു തുടക്കത്തില്‍ പോലീസിന്റെ ശ്രമം. പിന്നീട് പ്രാദേശിക ദളിത് നേതാക്കളടക്കം ഇടപെട്ട് വിജയനഗര എസ്പിക്ക് പരാതി നല്‍കിയതോടെയാണ് ഏവരെയും നടുക്കിയ ക്രൂരത പുറംലോകമറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഉഛാംഗിദുര്‍ഗ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാനായാണ് വിജയനഗര സ്വദേശിയായ സ്ത്രീ മാര്‍ച്ച് 31-ന് രണ്ട് ആണ്‍മക്കള്‍ക്കൊപ്പം ദാവണഗെരെയിലെ ഹരപ്പനഹള്ളിയിലെത്തിയത്. തുടര്‍ന്ന് ക്ഷേത്രത്തില്‍നിന്ന് ബസില്‍ ദാവണഗെരെ നഗരത്തിലേക്ക് മടങ്ങുന്നതിനിടെയാണ് സ്ത്രീയെ ബസ് ജീവനക്കാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
രാത്രി ഏറെ വൈകിയാണ് സ്ത്രീ മക്കള്‍ക്കൊപ്പം സ്വകാര്യബസില്‍ കയറിയത്. യാത്രതിരിക്കുന്ന സമയം ഏഴോ എട്ടോ യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായാണ് പരാതിക്കാരിയുടെ മൊഴി. ഇവരെല്ലാം പിന്നീട് പലയിടങ്ങളിലായി ഇറങ്ങി. തുടര്‍ന്ന് സ്ത്രീയും മക്കളും മാത്രമായി ബസിലെ യാത്രക്കാര്‍.
ഈ സമയം ബസ് ഛന്നാപുരയിലെത്തിയിരുന്നു. ഇവിടെവെച്ച് ഡ്രൈവര്‍ വിജനമായ സ്ഥലത്തേക്ക് ബസ് കൊണ്ടുപോയെന്നും തുടര്‍ന്ന് പ്രതികളായ മൂവരും ചേര്‍ന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്‌തെന്നുമാണ് പരാതിക്കാരിയുടെ മൊഴിയിലുള്ളത്.
കുട്ടികളുടെ വായില്‍ തുണിതിരുകുകയും ഇവരെ ബസിനുള്ളില്‍ കെട്ടിയിടുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് പ്രതികള്‍ കുട്ടികളുടെ മുന്നിലിട്ട് അമ്മയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഇതിനിടെ ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍നിന്ന് മടങ്ങുകയായിരുന്ന കര്‍ഷകര്‍ ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തിയിട്ടതും ബസില്‍നിന്ന് ബഹളം കേട്ടതും ശ്രദ്ധിച്ചു. തുടര്‍ന്ന് ഇവരാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്.
ബസ് ഡ്രൈവര്‍ പ്രകാശ് മഡിവലാര, കണ്ടക്ടര്‍ സുരേഷ്, സഹായി രാജശേഖര്‍ എന്നിവരെ നാട്ടുകാര്‍ കൈയോടെ പിടികൂടി. തുടര്‍ന്ന് പോലീസിനെയും വിവരമറിയിച്ചു. എന്നാല്‍, സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്ത അരസിക്കെരെ പോലീസ് സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.
പ്രതികളെയും പരാതിക്കാരിയെയും സ്റ്റേഷനിലെത്തിച്ച പോലീസ് സംഘം പരാതിക്കാരിയില്‍നിന്ന് മൊഴിയൊന്നും രേഖപ്പെടുത്താതെ പറഞ്ഞുവിട്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നുമാണ് പറയുന്നത്. സ്ത്രീയില്‍നിന്ന് പോലീസ് സംഘം ഒരു വെള്ളക്കടലാസില്‍ ഒപ്പിട്ടുവാങ്ങി. തുടര്‍ന്ന് സ്ത്രീക്ക് 2000 രൂപയും നല്‍കി.
വസ്ത്രം കീറിപ്പറിഞ്ഞതിനാല്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങാനായാണ് പണം നല്‍കിയത്. മാത്രമല്ല, ബസില്‍ നടന്ന സംഭവം വലിയ പ്രശ്‌നമാക്കേണ്ടെന്നും വലിയ പ്രശ്‌നമായാല്‍ ജീവിതം ബുദ്ധിമുട്ടിലാകുമെന്നും പോലീസുകാര്‍ പറഞ്ഞതായും യുവതി ആരോപിച്ചു. ഇതിനുശേഷം സ്ത്രീയെ പോലീസുകാര്‍ തന്നെയാണ് ഉച്ചംഗിദുര്‍ഗ ക്ഷേത്രത്തില്‍ കൊണ്ടുവിട്ടത്. ഇവിടെനിന്ന് വീട്ടിലേക്ക് പോകാനും നിര്‍ദേശിച്ചു. തുടര്‍ന്ന് പ്രതികളെ പോലീസ് വിട്ടയച്ചതായും പരാതിക്കാരി പറഞ്ഞു.
സ്ത്രീയെയും കുട്ടികളെയും ക്ഷേത്രത്തില്‍ കണ്ട പ്രാദേശിക ദളിത് നേതാക്കള്‍ ഇവരോട് കാര്യം തിരക്കിയതോടെയാണ് കൂട്ടബലാത്സംഗത്തെക്കുറിച്ച് പുറത്തറിയുന്നത്. ഇതോടെ ദളിത് നേതാക്കള്‍ വിജയനഗര എസ്പി ശ്രീഹരി ബാബുവിനെ വിവരമറിയിച്ചു.
എസ്പിയുടെ നിര്‍ദേശപ്രകാരം നേതാക്കള്‍ പരാതിക്കാരിയെയും കൂട്ടി അരസിക്കെരേ പോലീസ് സ്‌റ്റേഷനിലെത്തി. എസ്പിയും ഇതേസമയം സ്റ്റേഷനിലെത്തിയിരുന്നു. തുടര്‍ന്ന് എസ്പിയുടെ സാന്നിധ്യത്തില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയും പ്രതികളായ മൂന്നുപേരെയും പിടികൂടുകയുമായിരുന്നു.