KeralaNews

‘ബിആർഎസ് കോൺഗ്രസിൽ ലയിക്കും’,അതോ ബിജെപിയിലോ? ചർച്ചകൾ സജീവം

ഹൈദരാബാദ്; തെലങ്കാനയിൽ ചൂടുപിടിച്ച് ബി ആർ എസ് ലയന ചർച്ചകൾ. ബി ആർ എസ് കോൺഗ്രസിൽ ലയിക്കുമെന്നും അല്ല ബി ജെ പിയിലേക്കാണെന്നുമാണ് ചർച്ചകൾ കൊഴുക്കുന്നത്. വിഷയത്തിൽ കോൺഗ്രസ്-ബിജെപി നേതാക്കളുടെ വാക്ക് പോര് രൂക്ഷമായിരിക്കുകയാണ്.

മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് കെ സി ആറിന്റെ ബി ആർ എസ് ബി ജെ പിയിൽ ലയിക്കുമെന്ന് കഴിഞ്ഞ ദിവസം ആരോപിച്ചത്. കെടി രാമറാവു കേന്ദ്രമന്ത്രിയാകുമെന്നും ടി ഹരീഷ് റാവു പ്രതിപക്ഷ നേതാവ് ആകുമെന്നും രേവന്ത് പറഞ്ഞു. കെ സി ആർ ഒരു സംസ്ഥാനത്തിന്റെ ഗവർണർ ആകുമെന്നും രേവന്ത് ആരോപിച്ചു. മാധ്യമ പ്രവർത്തകരോടുള്ള അനൗദ്യോ​ഗിക സംസാരത്തിനിടെയായിരുന്നു രേവന്തിന്റെ ആരോപണം.

അതേസമയം രേവന്തിന്റെ ആരോപണത്തിനെതിരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാർ രംഗത്തെത്തി. ബി ആർ എസ് കോൺഗ്രസിലാണ് ലയിക്കുകയെന്നായിരുന്നു ബണ്ടി ആരോപിച്ചത്. കെ സി ആർ എ ഐ സി സി അധ്യക്ഷനും കെ കവിത രാജ്യസഭാംഗവും കെ ടി രാമറാവു പിസിസി അധ്യക്ഷനും ആവുമെന്നും സഞ്ജയ് തിരിച്ചടിച്ചു.

ഫോൺ ചോർത്തൽ കേസിലും കാളേശ്വരം അഴിമതിക്കേസിലും മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, മുൻ മന്ത്രിമാരായ കെ ടി രാമറാവു, ടി ഹരീഷ് റാവു എന്നിവരെ എന്തുകൊണ്ട് രേവന്ത് റെഡ്ഡി സർക്കാർ അറസ്റ്റ് ചെയ്തില്ലെന്നും സഞ്ജയ് ചോദിച്ചു. കോൺഗ്രസും ബിആർഎസും കൈകോർക്കുന്നുവെന്നതിനുള്ള ശക്തമായ തെളിവാണിതെന്നും സഞ്ജയ് ആരോപിച്ചു.

കോൺഗ്രസ്-ബി ജെ പി നേതാക്കളുടെ ആരോപണത്തിനെതിരെ ബി ആർ എസ് വർക്കിംഗ് പ്രസിഡന്റ് കെടി രാമറാവു രംഗത്തെത്തി. കോൺ​ഗ്രസുമായോ ബി ജെ പിയുമായോ ലയനത്തിനില്ലെന്നും പാർട്ടി നിലവിൽ ശക്തമാണെന്നും രാമറാവു പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയതോടെ കോൺഗ്രസിലേക്കും ബി ജെ പിയിലേക്കും ബി ആർ എസ് നേതാക്കൾ ഒഴുകുകയാണ്. പാർട്ടിക്കെതിരായ അഴിമതിയാരോപണങ്ങൾ ഉൾപ്പെടെയാണ് നേതാക്കളുടെ ഒഴുക്കിന് കാരണമായത്.

അതിനിടെ അഴിമതിക്കേസിൽ കെ സി ആറിന്റെ മകൾ കവിത അറസ്റ്റിലായിരിക്കുന്ന ഈ സാഹചര്യത്തിൽ ബി ആർ എസ് എങ്ങനെ ബി ജെ പിയിൽ ലയിക്കുമെന്ന ചോദ്യമാണ് ബി ആർ എസ് പ്രവർത്തകർ ഉയർത്തുന്നത്. ലയന ചർച്ചകൾ പാർട്ടിയെ തകർക്കാനുളള കോൺഗ്രസിന്റേയും ബി ജെ പിയുടേയും ഗൂഢാലോചനയാണെന്നും നേതാക്കൾ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker