കാവേരിയുമായി പിരിഞ്ഞതോടെ തകർന്നു,രാത്രിയും പകലും മദ്യപാനം; സൂര്യ കിരണിന്റെ മരണത്തെക്കുറിച്ച് വെളിപ്പെടുത്തൽ
ഹൈദരാബാദ്:കഴിഞ്ഞ ദിവസമാണ് സംവിധായകൻ സൂര്യ കിരണിന്റെ മരണ വാർത്ത പുറത്ത് വന്നത്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയാണ് സൂര്യ കിരൺ മരണപ്പെട്ടത്. ചെന്നെയിലെ ആശുപത്രിയിൽ വെച്ചാണ് മരണം. 51 വയസായിരുന്നു. ബാലതാരമായാണ് സൂര്യ കിരൺ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. 1978 ൽ പുറത്തിറങ്ങിയ സ്നേഹിക്കാൻ ഒരു പെണ്ണ് എന്ന സിനിമയിലൂടെയാണ് തുടക്കം. ബാലതാരമായി കമൽ ഹാസൻ, രജിനികാന്ത്, അമിതാഭ് ബച്ചൻ തുടങ്ങിയ നടൻമാർക്കൊപ്പം സൂര്യ കിരൺ അഭിനയിച്ചു.
തെലുങ്ക് ചിത്രം സത്യം ആണ് സംവിധായകനായി തുടക്കം കുറിച്ച സിനിമ. ആദ്യ സിനിമ ഹിറ്റായെങ്കിലും പിന്നീട് പരാജയ സിനിമകൾ കിരണിനെ തേടി വന്നു. 2020 ൽ ബിഗ് ബോസ് തെലുങ്ക് സീസണിൽ മത്സരാർത്ഥിയായി കിരണെത്തി. സീരിയൽ നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരൺ. നടി കാവേരിയുടെ മുൻ ഭർത്താവുമാണ് സൂര്യ കിരൺ. ഇദ്ദേഹത്തെ പോലെ ബാലതാരമായ ജനപ്രീതി നേടിയ നടിയാണ് കാവേരി.
മലയാളിയായ കാവേരി സൂര്യ കിരണിനെ വിവാഹം ചെയ്ത വാർത്ത ശ്രദ്ധ നേടിയെങ്കിലും കുറച്ച് വർഷങ്ങൾക്കിപ്പുറം ഇവരെ ഒരുമിച്ച് പൊതുവേദികളിലൊന്നും കണ്ടില്ല. ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷമാണ് തങ്ങൾ പിരിഞ്ഞിട്ട് വർഷങ്ങളായെന്ന് സൂര്യ കിരൺ തുറന്ന് പറഞ്ഞത്. സൂര്യ കിരണിനെക്കുറിച്ച് ചില തുറന്ന് പറച്ചിലുകൾ നടത്തിയിരിക്കുകയാണ് തെലുങ്കിലെ സീനിയർ നടി കരാട്ടെ കല്യാണി. സൂര്യ കിരൺ പങ്കെടുത്ത ബിഗ് ബോസ് സീസണിലെ മത്സരാർത്ഥിയായിരുന്നു കരാട്ടെ കല്യാണി.
വിവാഹ ജീവിതം പരാജയപ്പെട്ടത് സൂര്യ കിരണിനെ ഏറെ ബാധിച്ചിരുന്നെന്ന് കല്യാണി പറയുന്നു. ഭാര്യയുമായി പിരിഞ്ഞ ശേഷം ജീവിതത്തിൽ ഇനിയൊന്നും ബാക്കിയില്ലെന്ന് സൂര്യ കിരൺ കരുതി. ഇതിനാൽ അദ്ദേഹത്തിന്റെ കരളിന്റെ ആരോഗ്യം നശിച്ചു. മഞ്ഞപ്പിത്തം ബാധിച്ചത് അദ്ദേഹം തിരിച്ചറിഞ്ഞില്ല. മദ്യപാനം സൂര്യകിരണിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചെന്ന് കല്യാണി പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.
വേർപിരിഞ്ഞ ശേഷവും ഭാര്യ തിരിച്ച് വരുമെന്ന് സൂര്യ കിരൺ കരുതി. രാത്രിയും പകലും മദ്യപാനവും പുകവലിയുമായി. മഞ്ഞപ്പിത്തം ബാധിച്ച ശേഷം മദ്യപിച്ചതാണ് സൂര്യ കിരണിന്റെ ജീവന് ആപത്തായതെന്ന് കരാട്ടെ കല്യാണി തുറന്ന് പറഞ്ഞു. സൂര്യ കിരണും കാവേരിയും വേർപിരിഞ്ഞതിനെക്കുറിച്ച് ഇദ്ദേഹത്തിന്റെ സഹോദരി നടി സുചിത മാസങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി.
സാമ്പത്തിക പ്രശ്നങ്ങൾ കാവേരിയെയും സൂര്യ കിരണിനെയും ബാധിച്ചതായി സുചിത അന്ന് സൂചിപ്പിച്ചു. സിനിമാ നിർമാണത്തിലേക്ക് അവർ കടന്നു. കനത്ത നഷ്ടം സംഭവിച്ചു. അതാണ് അവരെ ബാധിച്ച പ്രശ്നം. കടബാധ്യതകൾ വന്നു. എല്ലാം വിറ്റു. കേരളത്തിൽ നല്ലൊരു പ്രോപ്പർട്ടി ഉണ്ടായിരുന്നു. അത് വിൽക്കേണ്ടി വന്നു. സാാമ്പത്തിക നഷ്ടനമാണ് അവരെ ബാധിച്ച പ്രശ്നമെന്നും സുചിത അന്ന് തുറന്ന് പറഞ്ഞു. വിവാഹമോചനത്തെക്കുറിച്ച് കാവേരി എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. ലൈം ലൈറ്റിൽ ഇപ്പോൾ കാവേരിയെ കാണാറേയില്ല. കല്യാണി എന്ന പേരിലാണ് മറ്റ് ഭാഷകളിൽ കാവേരി അറിയപ്പെടുന്നത്.