FeaturedHome-bannerKeralaNews

പാർട്ടി തിരുത്തണം,ശൈലജ ടീച്ചറിനായി സമൂഹമാധ്യമങ്ങളിൽ മുറവിളി, ട്രെൻഡിംഗായി ബ്രിങ് ബാക്ക് ശൈലജ ടീച്ചർ’

കൊച്ചി:കെ.കെ ശൈലജയെ മന്ത്രിപദവിയിൽ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച ചൂടേറിയ ചർച്ചകൾ കേരളത്തിൽ മാത്രം ഒതുങ്ങുന്നില്ല. രാജ്യത്തെ ട്വിറ്റർ, ഫെയ്സ്ബുക്ക് ഫീഡുകളിൽ ശൈലജയുടെ പേരാണ് ചൊവ്വാഴ്ച ഉച്ചയ്ക്കു മുതൽ മുഴങ്ങിക്കേട്ടത്.

കേരള ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നൽകി ജനം അംഗീകരിച്ചെങ്കിലും പാർട്ടി തഴഞ്ഞത് ശരിയായില്ലെന്ന അഭിപ്രായമാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. ഇടതുപക്ഷത്തിന്റെ ചരിത്ര വിജയത്തെ വാനോളം പുകഴ്ത്തിയവർ ശൈലജയില്ലാത്ത മന്ത്രിസഭയോ എന്നാശ്ചര്യപ്പെട്ടു.

സംസ്ഥാനത്തെ ഏറ്റവും മികച്ച ആരോഗ്യമന്ത്രിയെന്ന വിശേഷണമുള്ള കെ.കെ. ശൈലജയുടെ മന്ത്രിസ്ഥാനത്ത് നിന്നുള്ള അപ്രതീക്ഷിത പടിയിറക്കത്തിൽ സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും, പാർട്ടി അനുഭാവികളും സമൂഹമാധ്യമങ്ങളിൽ കടുത്ത നിരാശയാണ് രേഖപ്പെടുത്തിയത്.

നിപ്പാ, കോവിഡ് കാലത്തെ വെല്ലുവിളികൾ സധൈര്യം അതിജീവിച്ച ആരോഗ്യമന്ത്രിക്ക് രണ്ടാമൂഴം നൽകാത്തതിൽ പ്രതിഷേധിച്ചു ആദ്യം സ്വരമുയർത്തിയത് നടി റിമ കല്ലിങ്കലാണ്. ‘പെണ്ണിനെന്താ കുഴപ്പം?’ എന്ന് തുടങ്ങുന്ന ഫെയ്സ്ബുക്ക് കുറിപ്പിൽ ശൈലജയെ തിരികെവിളിക്കണമെന്ന ആവശ്യമാണ് റിമ ഉന്നയിച്ചത്. ആഷിക് അബു സംവിധാനം ചെയ്ത ‘വൈറസ് ’ എന്ന ചിത്രത്തിൽ മന്ത്രി ശൈലജയുടെ റോൾ ചെയ്തത് നടി രേവതിയായിരുന്നു.

ആരോഗ്യമന്ത്രി സ്ഥാനം ശൈലജക്ക് നൽകാത്തതിൽ നിരാശയായ മറ്റൊരു സിനിമാതാരമാണ് പാർവതി തിരുവോത്ത്. ‘സമർഥയായ നേതാവിനെ തഴഞ്ഞതിന് ന്യായീകരണമില്ല’ എന്നാണ് പാർവതി പ്രതികരിച്ചത്. അധികാരം എന്നും ജനത്തിന്റെ കയ്യിലാണെന്ന കാര്യം മറക്കണ്ട എന്നും പാർവതി കൂട്ടിച്ചേർത്തു.

ഗൗരിയമ്മയ്ക്ക് മുഖ്യമന്ത്രി പദവി നിഷേധിച്ചത് പോലെ കെ.കെ ശൈലജയെ പാർട്ടി തഴഞ്ഞുവെന്ന് സൂചന നൽകുന്ന ചിത്രമാണ് സംവിധായിക ഗീതു മോഹൻദാസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. ഗൗരിയമ്മയും ശൈലജയും ഒന്നിച്ചുള്ള ചിത്രം നിമിഷങ്ങൾ കൊണ്ട് വൈറലായി.

ഫെയ്സ്ബുക്ക് ഇടങ്ങളിൽ പാർട്ടിയെ ന്യായീകരിക്കുന്ന പോരാളിഷാജിയും ഇക്കുറി കളം മാറ്റി പിടിച്ചതോടെ ശൈലജയുടെ തിരിച്ചുവരവിനായി മുറവിളി കൂടി. പാർട്ടി ഒതുക്കിയെന്നും സ്ത്രീയായതിനാൽ അവസരം നിഷേധിച്ചതാണെന്നും മന്ത്രിയുടെ ജനപ്രീതിയിൽ പാർട്ടിക്ക് ബുദ്ധിമുട്ടാണെന്നുമൊക്കെ കമന്റുകൾ നിറഞ്ഞു.

രാഷ്ട്രീയനേതാക്കളും വെറുതെയിരുന്നില്ല. മുൻ പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ്, പിണറായി വിജയൻ എന്ന പെരുന്തച്ചൻ ശൈലജക്ക് നേരെ മഴുവെറിഞ്ഞെന്നാണ് പരിഹസിച്ചത്. പെരുന്തച്ചൻ സിനിമയിലെ തിലകന്റെ ചിത്രം സഹിതമായിരുന്നു പോസ്റ്റ്. ശശി തരൂർ എംപി അടക്കമുള്ള പ്രമുഖർ രാഷ്ട്രീയവ്യത്യാസം മറന്ന് ശൈലജയുടെ മന്ത്രിസ്ഥാനത്ത് നിന്നുള്ള മടക്കത്തിൽ പ്രതികരണം രേഖപ്പെടുത്തി.

ശൈലജയ്ക്ക് ആശംസ നേർന്ന കോൺഗ്രസ് എംപി ശശി തരൂർ, ശൈലജയുടെ നേതൃഗുണങ്ങൾ പ്രശംസിച്ചു ട്വീറ്റും ചെയ്തു. ശൈലജയെ മിസ് ചെയ്യും എന്ന് പറഞ്ഞുകൊണ്ടാണ് ആ കുറിപ്പ് അവസാനിച്ചത്.

വോഗ് മാസികയിൽ വന്ന ശൈലജയുടെ കവർ ചിത്രം പങ്കുവെച്ചാണ് യുവനടി രജീഷ വിജയൻ ശൈലജ വേണമെന്ന നിലപാടറിയിച്ചത്. ‘ശൈലജയെ പോലൊരു ‘ലെജൻഡ്’ രണ്ടാമവസരം അർഹിക്കുന്നു. പുതിയ ആളുകൾക്ക് അവസരം കൊടുക്കുന്നത് നല്ലതെങ്കിലും ഇതിഹാസ നേതാക്കളെ മാറ്റിയാവരുത് അങ്ങനെ ചെയ്യേണ്ടതെന്നും അവർ നിരാശയോടെ കുറിച്ചു.

ഇടതുപക്ഷ പ്രസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ പിന്തുണച്ച ഗായിക സിതാര കൃഷ്ണകുമാർ ശൈലജയ്ക്ക് അവസരം നിഷേധിച്ചതിൽ വിഷമം പ്രകടിപ്പിച്ചു. ‘ഈ സാഹചര്യത്തിൽ ടീച്ചറുണ്ടെങ്കിൽ ഒരു ധൈര്യമായിരുന്നു,’ സിതാര ഫെയ്സ്ബുക്കിൽ അഭിപ്രായപ്പെട്ടു. സംവിധായകനും നടനുമായ മധുപാൽ, ഗായകൻ, സംവിധായകൻ എന്നീ മേഖലകളിൽ പ്രശസ്തനായ വിനീത് ശ്രീനിവാസൻ എന്നിവരും പാർട്ടി തീരുമാനത്തെ വിമർശിച്ചു.

കേരളചരിത്രത്തിൽ മന്ത്രിസ്ഥാനം തിരിച്ചുകൊടുക്കാൻ പൊതുജനവും, കലാകാരന്മാരും ഇതുപോലെ മുറവിളി കൂട്ടുന്ന സംഭവങ്ങൾ വളരെ വിരളമാണ്. കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ ശൈജലയുടെ അനുഭവപരിചയം കേരളത്തിന്‌ ഗുണമായേനെ എന്നാണ് പലരും സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടത്.

ശൈലജയ്ക്ക് അവസരം കൊടുക്കാതിരുന്നതിനെ ന്യായീകരിച്ച് പാർട്ടി അനുഭാവികളും സഖാക്കളും വന്നതോടെ ഫെയ്സ്ബുക്ക് ചർച്ചകൾ ഇലക്‌ഷന് ശേഷം വീണ്ടുമൊരു പോർക്കളമായി. ഇത്തരം ചർച്ചകൾ കണ്ടെങ്കിലും പാർട്ടി തെറ്റ് തിരുത്തട്ടെ എന്ന നിലപാടാണ് ഭൂരിഭാഗം പേരും കമന്റുകളായി രേഖപ്പെടുത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker