KeralaNews

പെറുവിനെ മുക്കി ബ്രസീൽ, നെയ്മർ തകർപ്പൻ ഫോമിൽ

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് എ യിൽ നടന്ന മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് മഞ്ഞപ്പട തകർത്തു. സൂപ്പർ താരം നെയ്മറും അലെക്സ് സാൻഡ്രോയും എവർട്ടൺ റിബെയ്റോയും റിച്ചാർലിസണും ടീമിനായി സ്കോർ ചെയ്തു.

ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത നെയ്മറിന്റെ മികവിലാണ് മഞ്ഞപ്പട ഗ്രൂപ്പിലെ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിലും നെയ്മർ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ മത്സരത്തിൽ കളിച്ചതിൽ നിന്നും അഞ്ച് മാറ്റങ്ങളുമായാണ് ബ്രസീൽ പെറുവിനെതിരേ കളിക്കാനിറങ്ങിയത്. ഇരുടീമുകളും 4-2-3-1 ശൈലിയിലാണ് കളിച്ചത്. ആദ്യ പത്തുമിനിട്ടിൽ ഒരു ഗോളവസരം പോലും സൃഷ്ടിക്കാൻ ബ്രസീലിനോ പെറുവിനോ സാധിച്ചില്ല. തണുപ്പൻ തുടക്കമാണ് മത്സരത്തിന് ലഭിച്ചത്.

11-ാം മിനിട്ടിൽ ഫ്രെഡിലൂടെ ബ്രസീൽ ആദ്യ ഗോളവസരം സൃഷ്ടിച്ചു. എന്നാൽ താരത്തിന്റെ ലോങ്റേഞ്ചർ പെറു ക്രോസ്ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ 12-ാം മിനിട്ടിൽ രണ്ടാമത്തെ മുന്നേറ്റത്തിൽ തന്നെ കാനറികൾ പെറുവിന്റെ ഗോൾവല ചലിപ്പിച്ചു. പ്രതിരോധതാരം അലെക്സ് സാൻഡ്രോയാണ് ബ്രസീലിനായി ഗോൾ നേടിയത്. മികച്ച പാസിങ് ഗെയിമിന്റെ ഫലമായാണ് ഗോൾ പിറന്നത്. ഗബ്രിയേൽ ജെസ്യൂസിന്റെ പാസിൽ നിന്നാണ് ഗോൾ പിറന്നത്. അലെക്സ് സാൻഡ്രോ ബ്രസീലിന് വേണ്ടി നേടുന്ന ആദ്യ ഗോളാണിത്.

ഗോൾ വഴങ്ങിയതോടെ പെറു ഉണർന്നുകളിച്ചു. എന്നാൽ ഗോളവസരങ്ങൾ സൃഷ്ടിക്കാൻ പോന്ന മുന്നേറ്റങ്ങൾ ടീമിന് നടത്താനായില്ല. മികച്ച ഒരു സ്ട്രൈക്കറുടെ അഭാവം പെറു ടീമിൽ പ്രകടമായിരുന്നു. കരുത്തുറ്റ ബ്രസീൽ പ്രതിരോധം ആദ്യ പകുതിയിൽ ഭേദിക്കാൻ പെറുവിന് സാധിച്ചില്ല.

44-ാം മിനിട്ടിൽ അലെക്സ് സാൻഡ്രോയുടെ ലോങ് റേഞ്ചർ പെറു ക്രോസ്ബാറിന് മുകളിലൂടെ പറന്നു. പിന്നാലെ ആദ്യപകുതിയും അവസാനിച്ചു.

രണ്ടാം പകുതിയിലും മഞ്ഞപ്പട ആധിപത്യം പുലർത്തി. 53-ാം മിനിട്ടിൽ ബ്രസീലിന്റെ ഡാനിലോയുടെ വെടിയുണ്ട കണക്കെയുള്ള കിക്ക് ഗോളായെന്ന് തോന്നിച്ചെങ്കിലും പെറു പോസ്റ്റിന് മുകളിലൂടെ പറന്നു. രണ്ടാം പകുതിയിൽ കൂടുതൽ സമയം പന്ത് കൈവശം വെയ്ക്കാനാണ് ബ്രസീൽ ശ്രമിച്ചത്.

61-ാം മിനിട്ടിൽ പെറു ബോക്സിനകത്ത് നെയ്മറെ മധ്യനിരതാരം ടാപ്പിയ വീഴ്ത്തിയതിനേത്തുടർന്ന് ബ്രസീലിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. എന്നാൽ വി.എ.ആറിന്റെ സഹായത്തോടെ റഫറി തീരുമാനം മാറ്റി. ഇതോടെ ബ്രസീലിന് പെനാൽട്ടി നഷ്ടമായി.

എന്നാൽ പെനാൽട്ടി നഷ്ടമായതിന്റെ സങ്കടം മികച്ച ഒരു ഗോൾ നേടിക്കൊണ്ട് നെയ്മർ നികത്തി. 68-ാം മിനിട്ടിലാണ് നെയ്മർ ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയത്. പന്തുമായി മുന്നേറിയ നെയ്മറെടുത്ത നിലംപറ്റിയുള്ള ഷോട്ട് പെറു ഗോൾകീപ്പർ ഗലീസിനെ കീഴടക്കി വലയിലെത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും സ്കോർ ചെയ്യാൻ നെയ്മറിന് സാധിച്ചു.

78-ാം മിനിട്ടിൽ പെറുവിന്റെ അലെക്സ് വലേറയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും താരം പന്ത് പുറത്തേക്കടിച്ച് അവസരം നശിപ്പിച്ചു. മത്സരത്തിൽ പെറുവിന് ലഭിച്ച ഏറ്റവും മികച്ച ഗോളവസരമായിരുന്നു ഇത്. പിന്നീട് കളിയിലേക്ക് തിരിച്ചുവരാൻ പെറുവിന് സാധിച്ചില്ല.

86-ാം മിനിട്ടിൽ ലഭിച്ച ഓപ്പൺ ചാൻസ് ബ്രസീലിന്റെ ഫിർമിനോ പാഴാക്കി. റിച്ചാലിസണിന്റെ പാസിൽ നിന്നും അനായാസം ഗോളാക്കാമായിരുന്ന അവസരമാണ് ഫിർമിനോ പാഴാക്കിയത്. അവസാന മിനിട്ടുകളിൽ ബ്രസീൽ ചടുലമായ ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്.

അതിന്റെ ഭാഗമായി 88-ാം മിനിട്ടിൽ എവർട്ടൺ റിബെയ്റോ ബ്രസീലിന്റെ മൂന്നാം ഗോൾ സ്കോർ ചെയ്തു. നെയ്മറാണ് ഗോളിന് വഴിയൊരുക്കിയത്. നെയ്മറിന്റെ ക്രോസിൽ നിന്നും റിബെയ്റോ സ്കോർ ചെയ്തു.

പിന്നാലെ റിച്ചാർലിസൺ ബ്രസീലിന്റെ ഗോൾപട്ടിക തികച്ചു. കളിയവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കി നിൽക്കേ ഇൻജുറി ടൈമിലാണ് താരം ഗോൾ നേടിയത്. ഇതോടെ ബ്രസീൽ വിജയമുറപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker