റിട്ട. അധ്യാപികയെ കഴുത്തറുത്ത് കൊന്നത് ശിഷ്യന്മാർ; ജാനകി കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം
കാസര്‍കോട്: ചീമേനി പുലിയന്നൂരില്‍ റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. പുലിയന്നൂരിലെ റിട്ട. അധ്യാപികയായ ജാനകിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി വിശാഖ്(32) മൂന്നാം പ്രതി അരുണ്‍കുമാര്‍(30) എന്നിവരെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 17 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
രണ്ട് പ്രതികളും കേസില്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഗൂഢാലോചന, ഭവനഭേദനം, മോഷണം, വധശ്രമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. കേസിലെ രണ്ടാംപ്രതിയായിരുന്ന റിനീഷിനെ കോടതി വെറുതെവിടുകയും ചെയ്തു. ഇയാള്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
2017 ഡിസംബര്‍ 13-നാണ് ചീമേനി പുലിയന്നൂരിലെ വീട്ടില്‍ മോഷണത്തിനിടെ ജാനകി കൊല്ലപ്പെട്ടത്. ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കെ. കൃഷ്ണനെ ഗുരുതരമായി പരിക്കേല്‍പ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്നതാണ് കേസ്. ജാനകിയുടെ പഴയ രണ്ട് വിദ്യാര്‍ഥികളുള്‍പ്പെടുന്ന നാട്ടുകാരായ മൂന്നംഗ സംഘമായിരുന്നു കേസിലെ പ്രതികള്‍. ഒന്നാം പ്രതി വിശാഖും മൂന്നാം പ്രതി അരുണും ചേര്‍ന്ന് ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം 17 പവന്റെ ആഭരണവും 92,000 രൂപയും കവരുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് കെ. കൃഷ്ണനെയും പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
കൃത്യം നടന്ന് രണ്ടുമാസത്തിനുശേഷമാണ് പ്രതികളെ പോലീസ് കണ്ടെത്തുന്നത്. കേസില്‍ പ്രതികളെ കണ്ടെത്താനാകാതെ കുഴങ്ങുന്നതിനിടെ ഒന്നാം പ്രതി വിശാഖിന്റെ അച്ഛന്‍ പ്രതി നടത്തിയ സ്വര്‍ണ ഇടപാടുകളുടെ രശീത് പോലീസ് സ്റ്റേഷനില്‍ എത്തിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അന്നത്തെ ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍, ഡിവൈ.എസ്.പി. കെ. ദാമോദരന്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ പി.വി. ജയരാജും കെ. ദിനേഷ് കുമാറും ഹാജരായി. രണ്ടാം പ്രതി റിനീഷിനെ വെറുതെവിട്ടതിനെതിരേ മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യമുള്‍പ്പെടെ അഭിഭാഷകനുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് കുടുംബം പ്രതികരിച്ചിരുന്നു.