EntertainmentInternationalNews

കാന്‍സര്‍ സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളിൽ ഇരുസ്തനങ്ങളും നീക്കംചെയ്തു; അനുഭവം പങ്കുവെച്ച് ഹോളിവു‍ഡ് നടി

ലോസ് ആഞ്ചലസ്‌:പ്രശസ്ത ഹോളിവുഡ്താരം ഒലിവിയ മൻ സ്തനാർബുദത്തിലൂടെ കടന്നുപോകുന്നതിനേക്കുറിച്ച് കഴിഞ്ഞദിവസമാണ് തുറന്നുപറഞ്ഞത്. കഴിഞ്ഞ വർഷം ജീവിതത്തിൽ പ്രധാനപ്പെട്ടൊരു ആരോ​ഗ്യപ്രശ്നത്തിലൂടെ കടന്നുപോയി എന്നുപറഞ്ഞാണ് ഒലിവിയ കാൻസർ അതിജീവനത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. സ്തനാർബുദം നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞതിനേക്കുറിച്ചും ഇരുസ്തനങ്ങളും നീക്കം ചെയ്തതിനേക്കുറിച്ചുമൊക്കെയാണ് എക്സ്-മെൻ അപ്പോകാലിപ്സ് താരം കൂടിയായ ഒലിവിയ മനസ്സുതുറന്നത്.

ചികിത്സാവേളയിൽ നിന്നുള്ള ചിത്രങ്ങൾ സഹിതം ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഇതേക്കുറിച്ച് ഒലിവിയ നീണ്ട കുറിപ്പ് പങ്കുവെച്ചത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ അർബുദസാധ്യത പരിശോധിക്കുന്ന ജനറ്റിക് ടെസ്റ്റ് താൻ ചെയ്തിരുന്നുവെന്നും 90-ഓളം വ്യത്യസ്ത അർബുദങ്ങളുടെ ജീനുകളേക്കുറിച്ചുള്ള പരിശോധനയിലെല്ലാം തനിക്ക് നെ​ഗറ്റീവ് റിസൽട്ടാണ് ലഭിച്ചതെന്നും ഒലിവിയ പറഞ്ഞു. BRCA എന്ന പ്രസിദ്ധമായ സ്തനാർബുദ ജീനും നെ​ഗറ്റീവായിരുന്നു.

സഹോദരി സാറയ്ക്കും നെ​ഗറ്റീവ് ഫലമാണ് ലഭിച്ചത് എന്നതുകൊണ്ടുതന്നെ ഇരുവരും ഫോണിലൂടെ സന്തോഷം പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ആ മഞ്ഞുകാലത്തിൽ തന്നെ ചെയ്ത മാമോ​ഗ്രാമിൽ ലഭിച്ച ഫലം മറ്റൊന്നായിരുന്നുവെന്നാണ് ഒലിവിയ പറയുന്നത്. രണ്ടുമാസത്തിനിപ്പുറം തനിക്ക് സ്തനാർബുദം സ്ഥിരീകരിക്കുകയായിരുന്നു.

”കഴിഞ്ഞ പത്തുമാസത്തിനിടെ നാലു സർജറികളിലൂടെ കടന്നുപോയി, ദിവസങ്ങളോളം ആശുപത്രിക്കിടക്കയിൽ ചെലവഴിക്കുകയും അർബുദത്തേക്കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും ചെയ്തു. അത്ഭുതകരമെന്നോണം രണ്ടേരണ്ടുതവണ മാത്രമാണ് ഇതിനിടയിൽ താൻ കരഞ്ഞത്. കരയാൻ സമയമില്ലെന്നാണ് തനിക്ക് തോന്നിയിരുന്നത്. ”

രോ​ഗം സ്ഥിരീകരിച്ചപ്പോഴും സ്വകാര്യമാക്കി വെച്ചതിനേക്കുറിച്ചും ഒലിവിയ പറയുന്നുണ്ട്. തനിക്ക് ഊർജം തിരികെ ലഭിച്ച്, സ്വന്തമായി ഡ്രസ്സ് ചെയ്യാനും വീടിനു പുറത്തുപോകാനും മകനെ പാർക്കിലേക്ക് കൊണ്ടുപോകാനുമൊക്കെ പറ്റുന്ന നിലയിലായിരിക്കണം ആളുകൾ തന്നെ കാണേണ്ടതെന്ന് തോന്നിയിരുന്നു. രോ​ഗസ്ഥിരീകരണവും ആശങ്കകളും ചികിത്സയുമൊക്കെ സ്വകാര്യമാക്കിവച്ചു.

ഡോക്ടറുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ അടുത്ത ഒരുവർഷത്തേക്ക് തന്റെ അർബുദം തിരിച്ചറിയാനാവുമായിരുന്നില്ല എന്നും ഒലിവിയ പറയുന്നുണ്ട്. ഡോ. തായിസ് അലിയാബാദി തന്റെ ബ്രെസ്റ്റ് കാൻസർ റിസ്ക് അസസ്മെന്റ് സ്കോർ പരിശോധിക്കാൻ തീരുമാനിച്ചതാണ് തുണയായത്. സത്യത്തിൽ അവരാണ് തന്റെ ജീവൻ രക്ഷിച്ചതെന്നും ഒലിവിയ പറയുന്നുണ്ട്. തന്റെ പ്രായം, കുടുംബത്തിലെ സ്തനാർബുദ ചരിത്രം, മുപ്പതിനുശേഷമാണോ ആദ്യത്തെ കുഞ്ഞുണ്ടായത് തുടങ്ങിയവ പരിശോധിച്ചത് തനിക്കുള്ള രോ​ഗസാധ്യത 37% ആണെന്ന് പറഞ്ഞിരുന്നു.

തുടർന്നാണ് എം.ആർ.ഐ., അൾട്രാസൗണ്ട് സ്കാനിങ് തുടങ്ങിയവയും അതിൽ നിന്ന് ബയോപ്സി ചെയ്യാൻ നിർദേശിക്കുകയുമൊക്കെ ചെയ്തത്. ബയോപ്സിയിൽ നിന്നാണ് തന്റെ ഇരുസ്തനങ്ങളിലും ലൂമിനൽ ബി കാൻസറാണെന്ന് വ്യക്തമായത്. പെട്ടെന്ന് പടരുന്ന അക്രമകാരിയായ അർബുദമാണിത്.

ബയോപ്സി ചെയ്ത് മുപ്പതുദിവസത്തിനുള്ളിൽ ഇരുസ്തനങ്ങളും നീക്കംചെയ്തുവെന്നും ഒലിവിയ പറയുന്നു. നേരത്തേ കണ്ടെത്താൻ കഴിഞ്ഞുവെന്നതാണ് തന്റെകാര്യത്തിൽ തുണയായത്. തന്റെ അനുഭവം മറ്റുസ്ത്രീകൾക്കും ഉപകാരമാകാനാണ് തുറന്നുപറയാൻ തീരുമാനിച്ചത്. മുപ്പതുകഴിഞ്ഞാൽ ഡോക്ടർമാരോട് സ്തനാർബുദസാധ്യത പരിശോധിക്കാൻ ആവശ്യപ്പെടണമെന്നും അത് ഇരുപതുശതമാനത്തിനു മുകളിലാണെങ്കിൽ എല്ലാവർഷവും മാമോ​ഗ്രാമും സ്തനത്തിന്റെ എം.ആർ.ഐ.യും ചെയ്യണമെന്നും ഒലിവിയ പറയുന്നു.

ഇക്കാലമത്രയും തനിക്ക് താങ്ങുംതണലുമായി കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദിയറിയിക്കുന്നുമുണ്ട് ഒലിവിയ. ഓരോ സർജറികളേക്കുറിച്ചും ചികിത്സകളേക്കുറിച്ചും അവയുടെ പാർശ്വഫലങ്ങളേക്കുറിച്ചുമൊക്കെ മിക്കരാത്രികളിലും പരതിക്കൊണ്ടിരിക്കുന്ന ജോണിന് എത്രനന്ദി പറഞ്ഞാലും മതിയാവില്ല. സർജറി കഴിഞ്ഞ് എഴുന്നേൽക്കുമ്പോഴൊക്കെ മകന്റ് ഫോട്ടോ കണ്ടാണ് കണ്ണുതുറന്നിരുന്നത്. സ്തനാർബുദത്തിലൂടെ കടന്നുപോകുന്നവരെ തനിക്ക് പരിചയപ്പെടുത്തിയ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി. ചികിത്സ എളുപ്പമാക്കിയ ആരോ​ഗ്യപ്രവർത്തകരിൽ ഓരോരുത്തർക്കും അകമഴിഞ്ഞ നന്ദിയറിയിക്കുന്നുണ്ട് ഒലിവിയ.

അമേരിക്കൻ നടനും സ്റ്റാൻഡ്അപ് കൊമേഡിയനുമായ ജോൺ മുലാനിയാണ് ഒലിവിയയുടെ ഭർത്താവ്.

സ്തനാർബുദം- സ്വയം പരിശോധന എപ്പോൾ?

കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.

എങ്ങനെ പരിശോധിക്കണം?

കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷ ഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർ കൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.

കക്ഷ ഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.

ആരംഭദശയിൽ തന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടു പിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണ കാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്താനർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണ കാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടി വന്നേക്കാം.

തുടക്കത്തിൽ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ

  • സ്തനം മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും.
  • റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കപ്പെടാനും ചിലപ്പോൾ ഇതിൽ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.
  • കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും.
  • മാറിടങ്ങളിലും കക്ഷ ഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജനെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
  • വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടു പോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു. ഇതിൽ ഒരു മാറ്റം വരുത്താൻ ബോധവത്ക്കരണ പ്രചാരണങ്ങൾ വഴി സാധിക്കും.

രോഗനിർണയം സങ്കീർണമല്ല

ക്ലിനിക്കൽ എക്‌സാമിനേഷൻ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന. റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എം.ആർ.ഐ. സ്റ്റഡി അല്ലെങ്കിൽ സി.ടി. ബ്രെസ്റ്റ്. ഇതിൽ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കുന്നു.

മുഴയില്‍ നിന്നുള്ള ഭാഗം എടുത്തുള്ള പരിശോധന(Tissue diagnosis). ഇതിന് ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി(FNAC) കോർ ബയോപ്‌സി, ഇൻസിഷൻ ബയോപ്‌സി, എക്‌സിഷൻ ബയോപ്‌സി എന്നീ പരിശോധനകളുണ്ട്.

ചികിത്സ

കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക ഓപ്പറേഷന് ശേഷം റേഡിയേഷൻ പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നൽകുക. സ്തനാർബുദത്തിന്റെ ചികിത്സ ഒരു ടീംവർക്ക് ആണ്. ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീം വർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിഷാദവും മാനസിക സംഘർഷങ്ങളും അനുഭവപ്പെടുന്നവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനം ഉറപ്പുവരുത്തേണ്ടതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker