മുംബയ്: ‘ലൈംഗികബന്ധം പ്രണയത്തെത്തുടർന്ന്, കാമവികാരമല്ല’, പോക്‌സോ കേസിൽ വ്യത്യസ്ത നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. പ്രതിയും അതിജീവിതയും പ്രണയത്തിലായിരുന്നതിനാൽ ലൈംഗികാതിക്രമമായി കാണാനാകില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. 13കാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ 26കാരന് ജാമ്യം നൽകികൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസ് ഊർമിള ജോഷി ഫാൽക്കെ ആയിരുന്നു വിധി പുറപ്പെടുവിച്ചത്.
13കാരി സ്വമേധയാ വീടുവിട്ടിറങ്ങി പ്രതിയായ നിതിൻ ദബെറാവുമൊത്ത് താമസിക്കുകയായിരുന്നുവെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതിയും 26കാരനായ ചെറുപ്പക്കാരനാണെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ട് ചെറുപ്പക്കാർ തമ്മിലെ അടുപ്പമാണ് ലൈംഗിക ബന്ധത്തിലെത്തിയത്. അതിജീവിതയെ കാമത്തിന്റെ പുറത്ത് ബലംപ്രയോഗിച്ച് ലൈംഗികബന്ധത്തിന് വിധേയയാക്കുകയായിരുന്നില്ലെന്നും കോടതി പ്രതിക്ക് ജാമ്യം നൽകികൊണ്ട് വ്യക്തമാക്കി.
2020 ഓഗസ്റ്റിലാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി പിതാവ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ പ്രതിയോടൊപ്പം സ്വമേധയാ ഇറങ്ങിത്തിരിച്ചതാണെന്ന് 13കാരി മൊഴി നൽകുകയായിരുന്നു. തന്നെ വിവാഹം കഴിക്കാമെന്ന് നിതിൻ വാഗ്ദാനം നൽകിയിട്ടുണ്ടെന്നും അതിനാലാണ് വീട്ടിൽ നിന്ന് പണവും സ്വർണവും എടുത്തുകൊണ്ട് പോയതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.