മൂന്നു റെയില്‍വെ സ്‌റ്റേഷനിലും അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചതായി സന്ദേശം; സുരക്ഷ ശക്തമാക്കി
മുംബൈ: മുംബൈയിലെ മൂന്നു റെയില്‍വേ സ്റ്റേഷനുകളിലും നടന്‍ അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശം. ഇതിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയതായി പോലീസ് അറിയിച്ചു. നാലിടത്തും പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇന്നലെ രാത്രിയാണ് മുംബൈ പോലീസിന്റെ പ്രധാന കണ്‍ട്രോള്‍ റൂമില്‍ ഭീഷണി സന്ദേശം ലഭിച്ചത്. സിഎസ്ടി, ബൈക്കുള, ദാദര്‍ റെയില്‍വേ സ്റ്റേഷനുകളിലും ജൂഹുവിലുള്ള അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചിട്ടുണ്ടെന്നാണ് അജ്ഞാത സന്ദേശത്തില്‍ പറയുന്നത്.
സന്ദേശം ലഭിച്ചതിനു പിന്നാലെ റെയില്‍വേ പോലീസ്, റയില്‍വേ സുരക്ഷാ സേന എന്നിവയുടെ സംഘം ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ സ്റ്റേഷനുകളില്‍ തെരച്ചില്‍ നടത്തി. സംശയകരമായ വിധത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഈ സ്റ്റേഷനുകളില്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.