‘മരുന്ന് കഴിച്ച് തടികുറക്കാന്‍ നോക്കിയതാ, കുറച്ചൂടെ കഴിഞ്ഞാല്‍ ടൈറ്റാനിക്കിലെ അമ്മൂമ്മയെ പോലെ ആവും പാര്‍വതി’
നിറത്തിന്റെയും ശരീര പ്രകൃതത്തിന്റെയും എല്ലാം പറഞ്ഞുള്ള ബോഡി ഷെയിമിങ്ങിന് ഇന്നും യാതൊരു കുറവുമില്ല. ശരീരപ്രകൃതവും നിറവുമെല്ലാം ചൂണ്ടിക്കാട്ടി എല്ലാ അതിരുകളും ലംഘിക്കുന്ന കമന്റുകള്‍ സോഷ്യല്‍ മീഡിയയിലും നിറയാറുണ്ട്. പലപ്പോഴും ജീവിതം തകര്‍ക്കുന്നവയാണ് ഇതെന്ന് ആരും ഓര്‍ക്കാറില്ല.
വ്യക്തികളുടെ ഇഷ്ടങ്ങളിലേക്കും അവരുടെ സ്വകാര്യതകളിലേക്കും അതിക്രമിച്ചുകയറിയാണ് പല പരാമര്‍ശങ്ങളും.
സാധാരണക്കാരുടെ ജീവിതത്തിലും സെലിബ്രിറ്റികളെയും അധിക്ഷേപിക്കുന്നതില്‍ കുറവൊന്നും ഉണ്ടാകാറില്ല. അടുത്തിടെ താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും ചിത്രത്തിനു താഴെ എല്ലാ മര്യാദകളും ലംഘിക്കുന്ന കമന്റുകള്‍ നിറഞ്ഞു. അതില്‍ പ്രതികരിച്ചിരിക്കുകയാണ് അഡ്വക്കറ്റ് അതുല്യ ദീപു.
”ഈ കോലത്തിലും കൊണ്ട് നടക്കാന്‍ ഒരു മനസുണ്ടല്ലോ… അതാ ഭാഗ്യം”, ”പാര്‍വതി ഷുഗര്‍ പേഷ്യന്റാണെന്ന് തോന്നുന്നു”, ‘എന്തോ മരുന്ന് ഒക്കെ കഴിച്ചു തടികുറക്കാന്‍ നോക്കിയതാ. എന്തായാലും സംഭവം കളര്‍ ആയിട്ടുണ്ട്. കഴുത്തിലും കയ്യിലും ഒക്കെ കുറച്ചൂടെ കഴിഞ്ഞാല്‍ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മയുടെ പോലെ ആവും പാര്‍വതി’ എന്നിങ്ങനെയാണ് കമന്റുകള്‍.
അവരുടെ ശരീരത്തിലെ മാറ്റങ്ങളില്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത തോന്നേണ്ട കാര്യമെന്തെന്ന് അതുല്യ ചോദിക്കുന്നു. ചിലപ്പോള്‍ അവര്‍ ഡയറ്റ് ചെയ്യുന്നുണ്ടാകാം. വ്യായാമം ചെയ്യുന്നുണ്ടാകാം. ഏതെങ്കിലുമൊരു രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടാകാം.
അതുമല്ലെങ്കില്‍ ഹോര്‍മോണ്‍ പ്രശ്നമാകാം. സ്വന്തം പങ്കാളിക്കോ മക്കള്‍ക്കോ കുടുംബത്തിലുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ശാരീരിക മാറ്റങ്ങള്‍ സംഭവിച്ചാല്‍ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുമോ?
സ്‌കിന്‍ ഒക്കെ ഏത് സമയത്തും ചുക്കിചുളിയാം. ശരീരത്തില്‍ ഡീഹൈഡ്രേഷന്‍ സംഭവിച്ചാല്‍ പോലും അങ്ങനെ ആകാം. വെറുതെ എന്തെങ്കിലുമൊക്കെ എഴുതിയിട്ട് മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുമ്പോള്‍ ഒരു തളര്‍ച്ച വരാന്‍ നിമിഷങ്ങള്‍ മതിയെന്ന് ഓര്‍ക്കണമെന്നും അഭിഭാഷക ഓര്‍മിപ്പിക്കുന്നു.