താനൂരിൽ ബോട്ട് ദുരന്തം: മരണം എട്ടായി, മരിച്ചവരിൽ നാല് കുട്ടികളും
മലപ്പുറം:താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം എട്ടായി. നാല് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബോട്ടിൽ എഴുപതോളം പേരുണ്ടായിരുന്നതായി താനൂർ നഗരസഭാ കൗൺസിലർ പി.പി.മുസ്തഫ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടം.
ഇരുപതോളം പേരെ രക്ഷപ്പെടുത്തി. ഇവരെ പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടക്കല്‍, താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനു വെളിച്ചക്കുറവ് പ്രതിസന്ധിയാണന്നു നാട്ടുകാർ പറഞ്ഞു.
താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും മറ്റുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി. ഇതു പിന്നീട് കരയ്‌ക്കെത്തിച്ചു. പരപ്പനങ്ങാടി, താനൂർ നഗരസഭകളുടെ അതിർത്തിയിലാണ് ഒട്ടുംപുറം തൂവൽതീരം.
മലപ്പുറം താനൂരില്‍ ബോട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി.