BusinessNationalNews

‘ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്’ മൈക്രോസോഫ്റ്റിന്റെ വിപണിമൂല്യത്തിൽ മണിക്കൂറുകൾ കൊണ്ടുണ്ടായത് 1.9 ലക്ഷം കോടിയുടെ ഇടിവ്

ന്യൂയോർക്ക്: മൈക്രോസോഫ്റ്റിലുണ്ടായ സാങ്കേതിക തകരാർ ലോകമെമ്പാടുമുള്ള  കമ്പനികളുടെ പ്രവർത്തനം താറുമാറാക്കിയപ്പോൾ മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യത്തിലും വൻ ഇടിവ്. കഴിഞ്ഞ ദിവസത്തെ വിപണി ക്ലോസിങിനെ അപേക്ഷിച്ച് ഏതാണ്ട് 23 ബില്യൻ ഡോളറിന്റെ ഇടിവാണ് (1.9 ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ) മൈക്രോസോഫ്റ്റിന് ഇന്ന് ഉണ്ടായത്. ഏതാണ്ട് 0.71 ശതമാനം ഇടിവാണ് ഇന്ന് നേരിട്ടതെന്ന് സാമ്പത്തിക മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിക്കുമ്പോഴുണ്ടായിരുന്ന ഓഹരി മൂല്യം 443.52 ഡോളറായിരുന്നെങ്കിൽ ഇന്ന് രാവിലെ ഇത് 440.37 വരെ ഇടി‌ഞ്ഞു. ടെക് ഭീമൻ ആപ്പിൾ കഴിഞ്ഞാൽ ലോകത്തു തന്നെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനികളിലൊന്നായാണ് മൈക്രോസോഫ്റ്റിനെ കണക്കാക്കുന്നത്. ഏതാണ്ട് 3.27 ട്രില്യൻ ഡോളാറാണ് ഇപ്പോഴത്തെ സാങ്കേതിക പ്രശ്നങ്ങൾക്ക് മുമ്പ് മൈക്രോസോഫ്റ്റിന്റെ മൂല്യം.  ഓഹരി വിലയിൽ ഉണ്ടാവുന്ന 0.1 ശതമാനം ഇടിവ് കമ്പനിയുടെ മൂല്യത്തിൽ 3.33 ബില്യൻ ഡോളറിന്റെ ഇടിവായി പ്രതിഫലിക്കപ്പെടുമെന്നതാണ് വാസ്തവം.

വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന ‘ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്’ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതായിരുന്നു പ്രശ്‌നം. ഇതോടെ ലോകവ്യാപകമായി വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനമടക്കം താറുമാറായി. വ്യോമയാനത്തിന് പുറമെ ട്രെയിന്‍, ബാങ്കിംഗ്, ഐടി, മാധ്യമസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളും സംവിധാനങ്ങളും, മറ്റ് കമ്പനികള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനം തടസം നേരിട്ടു. 

മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ പ്രശ്‌നം ഇന്ത്യയെയും ബാധിച്ചു. ദില്ലിയും മുംബൈയും ബെംഗളൂരുവും അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലെല്ലാം സാങ്കേതിക തടസങ്ങളുണ്ടായി. ചെക്ക്-ഇന്‍ വൈകുകയും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനം നിശ്ചലമാവുകയും ചെയ്തു. ഓണ്‍ലൈന്‍ സര്‍വീസുകളില്‍ തടസം നേരിടുന്നതായി ഇന്‍ഡിഗോയും സ്പൈസ് ജെറ്റും ആകാസ എയറും അറിയിച്ചു. ബെംഗളൂരു വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ വൈകിയത് നീണ്ട ക്യൂവിന് ഇടയാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker