27.8 C
Kottayam
Tuesday, May 28, 2024

ISL ⚽ അടി,തിരിച്ചടി; ബ്ലാസ്റ്റേഴ്സ് – ചെന്നൈ പോരാട്ടം സമനിലയിൽ

Must read

കൊച്ചി: ഐ എസ് എൽ പോരാട്ടത്തിൽ ചെന്നൈയിൻ എഫ് സി ഉയർത്തിയ വെല്ലുവിളിക്ക് സമനില പൂട്ടിട്ട് കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയിൽ തലപ്പത്തെത്തി. ഒന്നാം മിനിറ്റിൽ ആദ്യ ഗോളടിച്ച് ഞെട്ടിച്ച ചെന്നൈയിൻ വീറോടെ പൊരുതിയെങ്കിലും ബ്ലാസ്റ്റഴ്സ് കൃത്യ സമയങ്ങളിൽ തിരിച്ചടിച്ചാണ് ആവേശകരമായ സമനില സ്വന്തമാക്കിയത്.

ആദ്യ പകുതിയിൽ 2-3 ന് പിന്നിലായ ബ്ലാസ്റ്റേഴ്സ് 59 -ാം മിനിട്ടിലാണ് സമനില ഗോൾ നേടിയത്. അവസാന 30 മിനിട്ടിൽ ഇരുടീമുകളും വിജയഗോളിനായി വട്ടമിട്ട് കറങ്ങിയെങ്കിലും വല ചലിപ്പിക്കാനായില്ല.കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്‍റെ സ്വന്തം മൈതാനത്ത് ആർത്തലച്ച മഞ്ഞപ്പട ആരാധകരെ നിശബ്ദമാക്കിക്കൊണ്ട് റഹിം അലിയാണ് ചെന്നൈയിൻ എഫ് സിക്ക് വേണ്ടി ആദ്യ വെടിപൊട്ടിച്ചത്.

പതിനൊന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ദിമിത്രിയോസ് ദയമാന്റകോസ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആവേശനിമിഷം സമ്മാനിച്ചു. എന്നാൽ ആതിഥേയരുടെ ആവേശത്തിന് മുകളിലൂടെ രണ്ട് മിനിറ്റിനകം തന്നെ ചെന്നൈയിൻ പറന്നിറങ്ങി. ജോർദൻ മറെ പെനാൽറ്റി വലയിലെത്തിച്ചാണ് ചെന്നൈയിന് വീണ്ടും ലീഡ് സമ്മാനിച്ചത്.

24 -ാം മിനിറ്റിൽ ജോർദൻ വീണ്ടും ബ്ലാസ്റ്റേഴ്സ് വലകുലുക്കിയതോടെ ഗ്യാലറി നിശബ്ദമായി. എന്നാൽ പൊരുതിക്കളിച്ച ബ്ലാസ്റ്റേഴ്സ് 14 മിനിട്ടിനുള്ളിൽ തിരിച്ചടിച്ചു. 38 -ാം മിനിറ്റിൽ ക്വാമി പെപ്രയാണ് ചെന്നൈയിൻ എഫ് സിയുടെ വലയിലേക്ക് വെടിപൊട്ടിച്ചത്. രണ്ടാം പകുതിയിൽ മൂന്നാം ഗോളിനായി പൊരുതിക്കളിച്ച ബ്ലാസ്റ്റേഴ്സിനായി 59 -ാം മിനിട്ടിൽ ദിമിത്രിയോസ് ദയമാന്റകോസ് ആണ് ചെന്നൈയുടെ വലകുലുക്കിയത്.

പിന്നീടും ഇരുടീമുകളും വലകുലുക്കാൻ പരിശ്രമിച്ചെങ്കിലും അതൊന്നും നടപ്പായില്ല. പോരാട്ടം സമനിലയിലായെങ്കിലും പോയിന്‍റ് പട്ടികയിൽ മുന്നിലെത്താനായത് ബ്ലാസ്റ്റേഴ്സിനും ആരാധകർക്കും സന്തോഷം പകരുന്നതാണ്. 8 കളികളിൽ നിന്ന് 17 പോയിന്‍റുമായാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ആറ് കളികളിൽ നിന്നും 16 പോയിന്‍റുള്ള ഗോവയാണ് രണ്ടാം സ്ഥാനത്ത്. 8 കളികളിൽ നിന്ന് 8 പോയിന്‍റ് മാത്രമുള്ള ചെന്നൈയിൻ എഫ് സി എട്ടാം സ്ഥാനത്താണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week