കോഴിക്കോട്:ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മോശം അനുഭവങ്ങളെ കോഴിക്കോട് കടപ്പുറത്തേക്ക് പറത്തി കേരള ബ്ലാസ്റ്റേഴ്‌സിന് സൂപ്പര്‍ കപ്പില്‍ കിടിലന്‍ തുടക്കം. റൗണ്ട്ഗ്ലാസ് പഞ്ചാബിനെ 3-1ന് വീഴ്ത്തിയാണ് മഞ്ഞപ്പട മലബാറിലെ അരങ്ങേറ്റം ഉഷാറാക്കിയത്.
ആദ്യ പകുതിയില്‍ 1-0ത്തിന് മുന്നിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്. എന്നാല്‍ രണ്ടാംപകുതിയില്‍ തിരിച്ചടിച്ച പഞ്ചാബ് എഫ്‌സി സമനില പിടിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് ജയം കണ്ടെത്തി. സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയും മറ്റ് ചില പ്രമുഖരും ഇല്ലാതെ നേടിയ ജയം ബ്ലാസ്റ്റേഴ്‌സിന് ആവേശം പകരുന്നതാണ്.
ഗ്രൂപ്പ് എയില്‍ ജയത്തോടെ മുന്നിലെത്താന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചു. ബെംഗളൂരു എഫ്‌സി, ശ്രീനിഥി ഡെക്കാന്‍ ടീമുകളാണ് ഗ്രൂപ്പ് എയില്‍ മഞ്ഞപ്പടയ്ക്ക് ഒപ്പമുള്ളത്. ബെംഗളൂരു ആദ്യ മല്‍സരത്തില്‍ ശ്രീനിഥിയോട് സമനിലയില്‍ കുരുങ്ങിയിരുന്നു.
മുപ്പത്തിനാലാം മിനുട്ടില്‍ വലത് മൂലയില്‍ നിന്ന് മുമ്പിലേക്ക് ഓടി കയറി സൗരവ് മണ്ഡല്‍ ബോക്‌സിലേക്ക് നല്‍കിയ പാസ് റൗണ്ട് ഗ്ലാസ്സ് പഞ്ചാബ് ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ സഹല്‍ അബ്ദു സമദിന് കണക്ട് ചെയ്യാന്‍ പറ്റിയില്ല.
നാല്പതാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ് പെനാല്‍റ്റി കിക്കിലൂടെ ഗോള്‍ നേടി. റൗണ്ട് ഗ്ലാസ്സ് പഞ്ചാബ് ഗോള്‍ കീപ്പര്‍ കിരണ്‍ കുമാര്‍ ബോള്‍ ക്ലിയര്‍ ചെയ്യവേ വരുത്തിയ പിഴവില്‍ നിന്നും പന്ത് പഞ്ചാബ് ബോക്‌സില്‍ തന്നെ വീണപ്പോള്‍ പഞ്ചാബ് ഡിഫെന്‍ഡര്‍ വാല്‍പുലക്കും ക്ലിയര്‍ ചെയ്യുന്നതില്‍ പിഴവ് പറ്റി.
മുമ്പില്‍ പന്ത് വീണ് കിട്ടിയ ബ്ലാസ്റ്റേഴ്സ് മിഥ്ഫീല്‍ഡര്‍ സൗരവ് മണ്ടല്‍ ഗോളി മാത്രം മുമ്പിലുള്ള ലക്ഷ്യത്തിലേക്ക് പാഞ്ഞു. ഗത്യന്തരമില്ലാതെ റൗണ്ട് ഗ്ലാസ് പഞ്ചാബ് ഡിഫന്‍ഡര്‍ വാല്പുലക്ക് സൗരവ് മണ്ഡലിനെ ബോക്‌സില്‍ വീഴ്‌ത്തേണ്ടി വന്നു. റഫറി അനുവദിച്ച പെനാല്‍റ്റി കിക്കില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് താരം ദിമിത്രിയോസ് അനായാസം പന്ത് വലയിലാക്കി.